തൃക്കരിപ്പൂർ: പുറംലോകവുമായി അധികമൊന്നും ബന്ധപ്പെടാൻ കഴിയാതെ, നാലു ചുവരുകൾക്കുള്ളിൽ തളച്ചിടപ്പെട്ട് വിവിധ രോഗപീഡയാൽ ദുരിത ജീവിതം നയിക്കുന്നവരുടെയും കുടുംബാംഗങ്ങളുടെയും കൂടിച്ചേരൽ രോഗികൾക്ക് ഏറെ ആശ്വാസം പകരുന്നതായി.

തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്തിന്റെയും ഉടുമ്പുന്തല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന പാലിയേറ്റീവ് രോഗി ബന്ധുസംഗമമാണ് നിരവധി പേർക്ക് മരുന്നുകളുടെയും പരിമിതികളുടെയും ഇടയിൽ നിന്നുളള താൽക്കാലിക മോചനമായത്. ആയിറ്റി കടവ് റിസോർട്ടിൽ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി. ഫൗസിയ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് എൻ. സുകുമാരൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ വിജിലൻസ് ഡിവൈ.എസ്.പിയും സിനിമാ താരവുമായ തൃക്കരിപ്പൂർ ഈയ്യക്കാട് സ്വദേശി വി. മധുസൂദനൻ മുഖ്യാതിഥിയായിരുന്നു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സറീന, റീത്ത, മെമ്പർമാരായ സത്താർ വടക്കുമ്പാട്, ടി.വി. വിനോദ് കുമാർ, വി. പ്രഭാകരൻ, ടി. ലളിത, ലിജി, മെഡിക്കൽ ഓഫീസർ നിഹാസ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.വി. രാലവൻ, കെ.എസ്.ഇ.ബി അസി. എക്സി. എഞ്ചിനീയർ സഹജൻ എന്നിവർ പ്രസംഗിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് പുറവങ്കര സ്വാഗതവും ജെ.എച്ച്.ഐ. കൃഷ്ണൻ മുട്ടത്ത് നന്ദിയും പറഞ്ഞു.

തൃക്കരിപ്പൂർ ഗവ. ഹൈസ്കൂൾ 1985 എസ്.എസ്.എൽ.സി. ബാച്ച് സ്പോൺസർ ചെയ്ത, ആശാ വർക്കർമാരായ പാലിയേറ്റീവ് വോളണ്ടിയർമാർക്കുള്ള യൂനിഫോം വിതരണം ചടങ്ങിൽ വിതരണം ചെയ്തു. പാലിയേറ്റീവ് രോഗികളും ബന്ധുക്കളും ആശാ വർക്കർമാരും മെമ്പർമാരും മറ്റ് കലാകാരന്മാരും അവതരിപ്പിച്ച കലാപരിപാടികളും പുതുമയാർന്ന അവതരണവും കുടുംബസംഗമത്തിന് മാറ്റുകൂട്ടി.