കണ്ണൂർ: ചാലക്കുന്നിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 200 കിലോയോളം സ്‌ഫോടക വസ്തുക്കൾ പൊലിസ് കണ്ടെടുത്തു. മുത്തപ്പൻ ക്ഷേത്രത്തിനു സമീപം ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് സ്‌ഫോടക വസ്തു നിർമ്മാണത്തിനുപയോഗിക്കുന്ന അമോണിയം ക്ലോറേറ്റ്, സൾഫർ തുടങ്ങിയവ കണ്ടെടുത്തത്. ചൈനീസ് പടക്കങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നതാണ് പിടിച്ചെടുത്ത വസ്തുക്കൾ.

നഗരസഭയുടെ മാലിന്യ നിർമ്മാർജനത്തിനായി മാറ്റിവച്ച ഒഴിഞ്ഞ പ്രദേശത്താണ് സൂക്ഷിച്ചത്. പ്ലാസ്റ്റിക് ബക്കറ്റുകളിലും ബേസിനുകളിലും ചാക്കുകളിലുമായി സൂക്ഷിച്ച നിലയിലാണിവ. അനധികൃതമായ പടക്ക നിർമ്മാണത്തിനാണ് രാസവസ്തുകൾ ഒളിപ്പിച്ചു വച്ചതെന്ന് സംശയിക്കുന്നതായി പൊലിസ് പറഞ്ഞു. സ്ഫോടകവസ്തുക്കൾ എത്തിച്ചവരെ കുറിച്ചും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ടൗൺ എസ്.ഐ ബി.എസ് .ബാവിഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ടെടുത്തത്.