കണ്ണൂർ :അഴീക്കൽ ഉൾപ്പെടെ ജില്ലയിലെ തുറമുഖങ്ങളിലുള്ള കൈയേറ്റങ്ങൾ കണ്ടെത്തി ഒഴിപ്പിക്കാൻ തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. ഇതിനു മുന്നോടിയായി പോർട്ട് പ്രദേശങ്ങളിൽ സർവേ നടത്തി റിപ്പോർട്ട് തയ്യാറാക്കാൻ ജില്ലാ കളക്ടർ ടി.. വി സുഭാഷ് ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. കണ്ണൂരിൽ മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കീഴിൽ മാരിടൈം കോഴ്‌സുകൾ തുടങ്ങാനും യോഗം തീരുമാനിച്ചു. മാപ്പിള ബേയിൽ മൾട്ടി പർപസ് പാസഞ്ചർ ടെർമിനലും ആയിക്കരയിൽ പോർട്ട് മ്യൂസിയവും സ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ ആരായാനും യോഗം ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി.

കണ്ണൂരിൽ ജില്ലാ പൈതൃകമ്യൂസിയം:

പ്രാദേശിക ചരിത്രസാംസ്‌കാരിക പൈതൃകങ്ങൾ സംരക്ഷിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ കണ്ണൂരിൽ ജില്ലാ പൈതൃക മ്യൂസിയം സ്ഥാപിക്കുമെന്ന് മന്ത്രി അറിയിച്ചു. കണ്ണൂർ അസംബ്ലി നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികൾ അവലോകനം ചെയ്യാൻ ചേർന്ന യോഗത്തിലാണ് തീരുമാനം. സെന്റ് ജോൺസ് ഇംഗ്ളീഷ് പള്ളി വിട്ടുനൽകുന്ന സ്ഥലത്താണ് പൈതൃക മ്യൂസിയം പണിയുക. ഇതുമായി ബന്ധപ്പെട്ട് പള്ളി അധികൃതരുമായി ധാരണാപത്രത്തിൽ ഒരാഴ്ചയ്ക്കകം ഒപ്പുവയ്ക്കും. പൈതൃക മ്യൂസിയത്തോടനുബന്ധിച്ച് പുരാരേഖാ വകുപ്പിന്റെ കീഴിലുള്ള ജില്ലാ ഹെറിറ്റേജ് സെന്ററും നിർമിക്കും.

ഇംഗ്ളീഷ് പള്ളി സെമിത്തേരി ഇനി സംരക്ഷിത സ്മാരകം:
ചരിത്രപ്രാധാന്യമുള്ള സെന്റ് ജോൺസ് ഇംഗ്ളീഷ് പള്ളി സെമിത്തേരി സംരക്ഷിത സ്മാരകമായി പുരാവസ്തു വകുപ്പ് ഏറ്റെടുക്കാനും യോഗത്തിൽ തീരുമാനമായി. നിലവിൽ ഇംഗ്ലീഷ് പള്ളി സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച് 56 ലക്ഷം രൂപയുടെ സംരക്ഷണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഏപ്രിൽ അവസാനത്തോടെ ഇതിന്റെ പ്രവൃത്തി പൂർത്തീകരിക്കാൻ ബന്ധപ്പെട്ടവർക്ക് യോഗം നിർദ്ദേശം നൽകി. പള്ളിയിൽ സൂക്ഷിച്ചിട്ടുള്ള നൂറ് വർഷത്തിലേറെ പഴക്കമുള്ള ബൈബിൾ ഉൾപ്പെടെയുള്ള ചരിത്രപ്രധാന രേഖകൾ കേടുവരാത്ത രീതിയിൽ സംരക്ഷിക്കുന്നതിനും അവയെ ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കും.

ഹാൻവീവ് കെട്ടിടത്തിൽ കൈത്തറി മ്യൂസിയം:
സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കപ്പെട്ട ഹാൻവീവ് കെട്ടിടത്തിന്റെ സംരക്ഷണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 65 ലക്ഷം രൂപ ചെലവിൽ നടക്കുന്ന പ്രവർത്തനങ്ങൾ ഫെബ്രുവരിയോടെ പൂർത്തിയാകും. ഇവിടെ രണ്ടു കോടി രൂപയുടെ കൈത്തറി മ്യൂസിയം സ്ഥാപിക്കുന്നതിനുള്ള വിശദ പദ്ധതി രേഖ തയ്യാറായിക്കഴിഞ്ഞു. കെട്ടിടത്തിന്റെ സംരക്ഷണ പ്രവൃത്തികൾ പൂർത്തിയാവുന്ന മുറയ്ക്ക് മ്യൂസിയം സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമാവും. സംരക്ഷിത സ്ഥാപനമായി പ്രഖ്യാപിക്കപ്പെട്ട പയ്യാമ്പലം ഗേൾസ് ഹൈസ്‌കൂളിൽ ഫെബ്രുവരിയിൽ സംരക്ഷണ പ്രവൃത്തികൾ ആരംഭിക്കും. 47 ലക്ഷം രൂപ ചെലവിൽ നടക്കുന്ന പ്രവൃത്തികൾ മെയ് മാസത്തോടെ പൂർത്തിയാക്കും. പുരാരേഖാ വകുപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലാ കേന്ദ്രത്തിൽ ഓഫീസിന് സ്ഥലം കണ്ടെത്താനും യോഗം തീരുമാനിച്ചു.
ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ കലക്ടർ ടി വി സുഭാഷ്, കൾച്ചർ ഡെവലപമെന്റ് അണ്ടർ സെക്രട്ടറി വൈ മുഹമ്മദ് റിജാം, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ ആർ ഹരീന്ദ്രനാഥ്, മണ്ഡലം വികസന സമിതി കൺവീനർ എൻ ചന്ദ്രൻ, മന്ത്രിയുടെ മണ്ഡലം പ്രതിനിധി യു ബാബു ഗോപിനാഥ്, കൺസർവേഷൻ എഞ്ചിനീയർ എസ് ഭൂപേഷ്, ആർട്ട് ഗ്യാലറി സൂപ്രണ്ട് പി എസ് പ്രിയരാജൻ, ആർക്കൈവിസ്റ്റ് ആർ സജികുമാർ, പോർട്ട് ഓഫീസർ ക്യാ്ര്രപൻ അശ്വിനി പ്രതാപ്, സിഎസ്‌ഐ ചർച്ച് പ്രതിനിധികളായ ഫാദർ എൻ കെ സണ്ണി, ഫാദർ രാജു ചീരൻ, കെന്നറ്റ് ലാസർ, വിനോദ് തറയിൽ, ഡോ.മേരി മാത്യു, ഡെപ്യൂട്ടി കളക്ടർ കെ കെ അനിൽകുമാർ, തഹസിൽദാർ വി എം സജീവൻ തുടങ്ങിയവർ സംബന്ധിച്ചു.