മട്ടന്നൂർ: മട്ടന്നൂർ നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതി് ബൈപാസ് റോഡും നടപ്പാതയും നിർമ്മിക്കുന്നു. ഇതിന്റെ ഭാഗമായി റവന്യു വകുപ്പും നഗരസഭയും പൊലീസും ചേർന്ന് പരിശോധന നടത്തി. കണ്ണൂർ വിമാനത്താവളം യാഥാർത്ഥ്യമായതോടെ മട്ടന്നൂർ നഗരത്തിൽ വാഹനങ്ങൾ വർദ്ധിച്ച് ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടുണ്ട്.

ടൗണിൽ കയറാതെ മട്ടന്നൂർ -കണ്ണൂർ റോഡിൽ നിന്ന് തലശേരി റോഡിൽ പ്രവേശിക്കാവുന്ന റോഡാണ് നിർമ്മിക്കുന്നത്. പൊലീസ് സ്റ്റേഷനും കോളാരി വില്ലേജ് ഓഫീസിനും ഇടയിലെ ഏഴ് മീറ്റർ വീതിയിലാണ് റോഡ് നിർമ്മിക്കാൻ ആലോചിക്കുന്നത്. ഇതിനു പുറമെ കണ്ണൂർ റോഡിൽ നിന്ന് പൊലീസ് ക്വാർട്ടേഴ്സിന് സമീപത്തെ ബസ് സ്റ്റാൻഡിലെത്തുന്നതിന് നാല് മീറ്റർ വീതിയിൽ നടപ്പാതയും നിർമ്മിക്കും. സ്ഥല പരിശോനയിൽ മട്ടന്നൂർ നഗരസഭ വൈസ് ചെയർമാൻ പി.പുരുഷോത്തമൻ, ഇരിട്ടി തഹസിൽദാർ കെ.കെ.ദിവാകരൻ, സി.ഐ കെ.രാജീവ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.