crime

കാസർകോട്: അദ്ധ്യാപികയെ ക്രൂരമായി കൊലചെയ്ത് കടലിൽ തള്ളിയ കേസിൽ സഹ അദ്ധ്യാപകൻ വെങ്കിട്ട രമണ കാരന്തരയുടെ (58) നീക്കങ്ങളിൽ സംശയം തോന്നിയ പൊലീസ് നേരത്തെ തന്നെ ഇയാളുടെ മേൽ പിടിമുറുക്കിയിരുന്നു. ആദ്യം ചോദ്യംചെയ്തു വിട്ടയച്ചുവെങ്കിലും കൊലപാതകമാണെങ്കിലും ആത്മഹത്യയാണെങ്കിലും വെങ്കിട്ട രമണയ്ക്ക് പങ്കുണ്ടാകുമെന്ന നിഗമനത്തിൽ പൊലീസ് എത്തിയിരുന്നു. പിന്നെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതോടെ നിരന്തരമായി നടന്ന ചോദ്യംചെയ്യലിൽ ആ ചിത്രകലാ അദ്ധ്യാപകന് എല്ലാം തുറന്നുപറയേണ്ടിവന്നു. എല്ലാം ഉറപ്പിക്കാൻ പ്രതികളായ വെങ്കിട്ട രമണയെയും ഡ്രൈവർ നിരഞ്ജൻ കുമാറിനെയും മാറിമാറി ചോദ്യംചെയ്യുകയായിരുന്നു.

അദ്ധ്യാപകനാണെങ്കിലും പ്രതിയുടെ മുഖ്യതൊഴിൽ പൂജയും ദുർമന്ത്രവാദവുമാണ്. സ്കൂളിൽ ജോലിക്ക് ഹാജരാകാതെ അവധിയെടുത്തു കർണാടകയിലെ വീടുകളിലും സ്ഥാപനങ്ങളിലും ഹോമം നടത്താനും ദുർമന്ത്രവാദം ചെയ്യാനും പോകുന്നത് പതിവാക്കിയിയിരുന്നു ഇയാൾ. കൊല്ലപ്പെട്ട മഞ്ചേശ്വരം മീയാപദവ് സ്വദേശിനി ബി.കെ രൂപശ്രീയെ (32)വശീകരിക്കാനും ഇയാൾ മന്ത്രവാദം നടത്തിയിരുന്നുവത്രെ. കഴിഞ്ഞ 16ന് രൂപശ്രീയെ സ്വന്തം വീട്ടിൽ എത്തിച്ചു ദുർമന്ത്രവാദത്തിന് ഇരയാക്കിയ ശേഷമാണ് ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. രൂപശ്രീയെ മയക്കിക്കിടത്തിയ ശേഷം വസ്ത്രങ്ങൾ അഴിച്ചുമാറ്റി പൂർണ്ണ നഗ്നയാക്കി. പിന്നീട് ക്രൂരമായി മുടികൾ മുഴുവൻ ഇയാൾ പിഴുതെടുത്തു. തുടർന്നാണ് വെള്ളത്തിൽ മുക്കിയതെന്നും പറയുന്നു. ആദ്യം മുക്കിയ ബക്കറ്റ് പൊട്ടിയതിനാൽ പിന്നീട് 250 ലിറ്റർ വെള്ളം കൊള്ളുന്ന ഡ്രമ്മിലെ വെള്ളത്തിൽ മുക്കി മരണം ഉറപ്പാക്കി.

യുവതി മരിച്ചു എന്ന് ഉറപ്പുവരുത്തിയ ശേഷമാണ് വെങ്കിട്ട രമണയും അയൽവാസിയായ ഡ്രൈവർ നിരഞ്ജനും ചേർന്ന് കാറിന്റെ ഡിക്കിയിൽ കയറ്റി കൊണ്ടുപോയി കടലിൽ തള്ളിയത്.

കൊലപാതകത്തിന് കരുത്തുനേടാനും മന്ത്രവാദം

രൂപശ്രീയെ കൊല്ലുന്നതിന് നാല് ദിവസം മുമ്പ് വെങ്കിട്ട രമണ അവധിയിൽ പോയിരുന്നു. കർണാടകയിലെ ഏതോ അജ്ഞാത കേന്ദ്രത്തിൽ ദുർമന്ത്രവാദം നടത്താൻ ആണ് അദ്ധ്യാപകൻ പോയത്. ദുർമന്ത്രവാദം നടത്തി കരുത്ത് നേടിയ ശേഷമാണ് അദ്ധ്യാപികയെ വകവരുത്താൻ പദ്ധതികൾ ആസൂത്രണം ചെയ്ത് ഇയാൾ തിരിച്ചെത്തിയത്. രൂപശ്രീയെ കൊലപ്പെടുത്തിയതിന് പിന്നിൽ ഏഴ് വർഷം നീണ്ടുനിന്ന പ്രണയം പൊളിഞ്ഞതിന്റെ പകയാണെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. സ്കൂളിലെ പ്രദർശന മത്സരങ്ങളിൽ മോഡലിംഗ് ഉണ്ടാക്കിയതിന് രൂപശ്രീക്ക്‌ സമ്മാനം ലഭിച്ചിരുന്നു. ഈ മോഡലിംഗ് ഉണ്ടാക്കാൻ അദ്ധ്യാപികയെ സഹായിച്ചത് ചിത്രകലാ അദ്ധ്യാപകൻ ആയ വെങ്കിട്ട രമണ ആയിരുന്നു. അതിനുള്ള ഉപകാരസ്മരണയിൽ നിന്നാണ് അദ്ധ്യാപിക വെങ്കട്ട രമണയോട് അടുത്തത്. പൂജയും മന്ത്രവാദവും നടത്തി സാമ്പത്തികമായി നല്ല ശേഷിയിൽ ഉണ്ടായിരുന്ന അദ്ധ്യാപകൻ സാമ്പത്തികമായും സഹായിച്ചുവത്രേ. ഇതിനിടയിലാണ് മറ്റൊരു ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകനുമായി രൂപശ്രീക്ക് ബന്ധമുണ്ടെന്ന് വെങ്കിട്ട രമണ സംശയിച്ചു തുടങ്ങിയത്. അതോടെയാണ് കൊല നടത്താൻ തീരുമാനിച്ചത്.

കർണാടകയിലേക്ക് പൂജ നടത്താൻ പോയി നിരഞ്ജനുമായി ചർച്ച ചെയ്താണ് കൊലപാതകം പ്ളാൻ ചെയ്യുന്നത്. 16ന് രാവിലെ തിരിച്ചെത്തിയ അദ്ധ്യാപകൻ, രൂപശ്രീയെ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞു സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഉപ്പളയിൽ നിന്ന് പൂജാ സാധനങ്ങൾ വാങ്ങി ഹൊസങ്കടി ടൗണിൽ വച്ച് ഇരുവരും കൂടി കാണുകയും സ്കൂട്ടർ വഴിവക്കിൽ വെച്ച് അദ്ധ്യാപിക വെങ്കിട്ട രമണയുടെ കാറിൽ കയറിയാണ് വീട്ടിലെത്തിയത്. അവിടെവച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും കൊലനടത്തുകയും ചെയ്തു.

പ്രതിസ്ഥാനത്ത് തുടക്കം മുതൽ

രൂപശ്രീയെ 16ന് കാണാതായതായി പരാതി നല്കാനെത്തിയപ്പോൾ ഭർത്താന് ചന്ദ്രശേഖരനൊപ്പം ഉണ്ടായിരുന്ന മകനാണ് മാതാവിനെ സഹഅദ്ധ്യാപകൻ ശല്യം ചെയ്തിരുന്നതായി പൊലീസിനോട് പറഞ്ഞത്. ഇതോടെ പൊലീസ് ഇയാളെ സംശയനിവാരണത്തിനായി സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. എന്നാൽ വിളിച്ചപ്പോൾ താൻ ഇവിടെയില്ലെന്നും തിരികെവന്ന് സ്റ്റേഷനിൽ ഹാജരാകാമെന്നും പറഞ്ഞു. എന്നാൽ അന്നിയാൾ സ്റ്റേഷനിലേക്ക് വന്നില്ല. തുടർന്ന് അടുത്തദിവസം ഇയാൾ വീട്ടിലുണ്ടെന്ന് മനസിലാക്കിയ പൊലീസ് വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

എന്നാൽ ചോദ്യംചെയ്തപ്പോൾ താനും രൂപശ്രീയുമായി നല്ല സൗഹൃദമാണെന്നും ഫോണിൽ നിരന്തരം ബന്ധപ്പെടാറുണ്ടെന്നും പറഞ്ഞ ഇയാൾ കൊലപാതക വിവരം മുഴുവൻ മറച്ചുവച്ചു. രൂപശ്രീയുടേത് ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് ഉറപ്പിക്കാൻ കഴിയാത്ത പൊലീസ് ഇയാളെ ചോദ്യംചെയ്ത ശേഷം വിട്ടയക്കുകയും ചെയ്തു. എന്നാൽ എന്തായാലും ഇയാൾക്ക് ഇതുമായി ബന്ധമുണ്ടെന്ന സംശയം അന്നേയുണ്ടായിരുന്നു. ഇതുകൊണ്ട് ഇയാളുടെ ഓരോ നീക്കങ്ങളും പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു.

അദ്ധ്യാപിക സ്കൂട്ടറിലും പിന്നാലെ അദ്ധ്യാപകൻ കാറിലും മഞ്ചേശ്വരം ഭാഗത്തേക്ക് ഓടിച്ചു പോകുന്നതിന്റെ സിസി ടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിനു ലഭിച്ചതോടെ കാര്യങ്ങളിൽ കൂടുതൽ വ്യക്തതവന്നു. മിയാപദവ് പഞ്ചായത്ത് ഗ്രൗണ്ടിന് അടുത്താണ് പ്രതിയുടെ വീട്. അവിടെ വെച്ച് പൂജയും ഹോമവും നടത്തിയതിന് തെളിവുണ്ട്. കാസർകോട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എ. സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സമർത്ഥമായി നടത്തിയ അന്വേഷണത്തിൽ ആണ് കൊലപാതകം തെളിഞ്ഞത്. മൊഴികളിലെ വൈരുദ്ധ്യങ്ങളിലും ക്രൈംബ്രാഞ്ച് പിടിമുറുക്കി. 21 നാണ് കേസ് ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയെ ഏൽപ്പിക്കുന്നത്.