കൂത്തുപറമ്പ്:കൂത്തുപറമ്പ് മേഖലയിൽ ആമകളെ കൊലപ്പെടുത്തുന്നത് വ്യാപകമാവുന്നു. പാലാപറമ്പിൽ അഞ്ചോളം ആമകളുടെ തോടുകൾ റോഡിൽ വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തി. സംരക്ഷിത വിഭാഗത്തിൽപ്പെടുന്ന ആ മകളെയാണ് വ്യാപകമായി കൊന്നൊടുക്കുന്നത്.

ഇറച്ചി വേർതിരിച്ചെടുത്ത ശേഷം തോടുകൾ റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. ഇറച്ചി ഭക്ഷിക്കുന്നതിന് വേണ്ടിയാണ് വ്യാപകമായ തോതിലുള്ള ആമ വേട്ട. കുളങ്ങളിലും, മറ്റ് ജലാശയങ്ങളിലും, പാർക്കുന്ന ആമകൾ വെള്ളം വറ്റാറായതോടെ പുറത്തേക്ക് വരുന്ന സമയമാണിത്. പ്രജനനകാലത്ത് ആമകളെ വകവരുത്തുന്നതിനാൽ വംശനാശ ഭീഷണിയിലാണിവ. പാലാപറമ്പ് ട്രഞ്ചിംഗ് ഗ്രൗണ്ടിന് സമീപത്ത് റോഡിലാണ് ആമത്തോടുകൾ വലിച്ചെറിഞ്ഞത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൂത്തുപറമ്പ് നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ വി.പി. ബാബു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബാബു പന്നക്കാടൻ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. വനം വകുപ്പ് ഉദ്യോഗസ്ഥരും അന്വേഷണം തുടങ്ങിയിട്ടുണ്ട്.