കാസർകോട്: വ്യാജ പരാതിയുമായി വനിതാ കമ്മിഷനെ സമീപിക്കരുതെന്ന് വനിതാ കമ്മിഷൻ അംഗങ്ങളായ ഷാഹിദാ കമാലും ഇ.എം രാധയും പറഞ്ഞു. കാസർകോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ വനിതാ കമ്മിഷൻ അദാലത്തിൽ സംസാരിക്കുകയായിരുന്നു ഇവർ.

യഥാർത്ഥ വസ്തുതകൾ മറച്ചുവച്ച്, കെട്ടിച്ചമച്ച പരാതിയുമായി കമ്മീഷനെ സമീപിക്കുന്ന പ്രവണത അംഗീകരിക്കാൻ കഴിയില്ല. ബേഡകം സ്വദേശിനി പ്രദേശവാസികളായ ഒരു കൂട്ടം പേർ തന്നെ കൈയേറ്റം ചെയ്തുവെന്ന് ആരോപിച്ച് വനിതാ കമ്മീഷനെ സമീപിച്ചു. എന്നാൽ അവർ തന്നെ സമർപ്പിച്ച വീഡിയോ ദൃശ്യം അടക്കമുള്ള വസ്തുതകൾ പരിശോധിച്ചപ്പോഴാണ് മനസിലായത്, അവരുടെതെന്ന് അവകാശപ്പെടുന്ന പറമ്പിൽ സ്ഥാപിച്ചിട്ടുള്ള കൊടി മാറ്റുകയെന്നതാണ് അവരുടെ യഥാർത്ഥ ആവശ്യമെന്ന്. ഇതിനെച്ചൊല്ലിയുള്ള തർക്കമാണ് വ്യാജ പരാതിയുമായി വനിതാ കമ്മീഷനെ സമീപിക്കുന്നതിലേക്ക് എത്തിച്ചത്. കൊടിമാറ്റുന്നത് അടക്കമുള്ള പരാതികൾ പൊലീസിനാണ് കൈമാറേണ്ടത്. സ്ത്രീകളെ ബാധിക്കുന്ന ഗാർഹികവും സാമൂഹ്യവും സാമ്പത്തികവും തൊഴിൽപരവുമായ പരാതികൾക്ക് പ്രമുഖ്യം കൊടുത്ത് കൊണ്ടാണ് കമ്മിഷൻ പ്രവർത്തിക്കുന്നത്. എല്ലാ പ്രശ്‌നങ്ങളിലും വനിതാ കമ്മിഷൻ ഇടപെടണമെന്നമെന്ന പൊതുസമൂഹത്തിന്റെ സമീപനം ശരിയല്ലെന്ന് കമ്മീഷൻ പറഞ്ഞു.


എതിർകക്ഷി എത്ര ഉന്നതനായാലും നടപടി

ജോലി തടസ്സപ്പെടുത്തിയതിനും ആക്ഷേപിച്ചതിനും മഞ്ചേശ്വരം സി.എച്ച്.സിയിലെ വനിതാ മെഡിക്കൽ ഓഫീസർ ഒരു ജനപ്രതിനിധിക്ക് എതിരെ ഫയൽ ചെയ്ത പരാതി കമ്മിഷൻ സ്വീകരിച്ചു. ഇത്തരം പരാതികളിൽ എതിർ കക്ഷികൾ എത്ര ഉന്നതരായാലും നടപടി ഉണ്ടാകുമെന്ന് കമ്മിഷൻ പറഞ്ഞു.

പരാതികൾ

പരിഗണിച്ചത് 24

തീർപ്പാക്കിയത് 3

റിപ്പോർട്ട് തേടിയത് 3

മെഗാ അദാലത്ത്

ഫെബ്രുവരി 17 ന്

വനിതാ കമ്മിഷന്റെ അടുത്ത മെഗാ അദാലത്ത് ഫെബ്രുവരി 17 ന് രാവിലെ 10.30 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തും. അദാലത്തിൽ പരാതികൾ നൽകാൻ അവസരം ഉണ്ടാകും.



കാസർകോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ വനിതാ കമ്മിഷൻ അദാലത്തിൽ കമ്മിഷൻ അംഗങ്ങളായ ഷാഹിദാ കമാലും ഇ.എം രാധയും പരാതി പരിഗണിക്കുന്നു.