നീലേശ്വരം: സിനിമകൾ പ്രോത്സാഹിപ്പിക്കണമെന്നും പുതിയ ആശയങ്ങൾ വരണമെന്നും സിനിമാനടൻ ഇന്ദ്രൻസ് പറഞ്ഞു. നീലേശ്വരം നഗരസഭയും പടിഞ്ഞാറ്റംകൊഴുവൽ തണൽ ടാക്കീസും സംഘടിപ്പിച്ച 'ടാക്കീസ് 2020' ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജീവിതം എന്താണെന്ന് നമ്മൾ പഠിക്കണം. പുതിയ കാലഘട്ടത്തിൽ ബന്ധങ്ങൾ ഇല്ലാതാവുകയാണ്. സിനിമകൾ നമുക്ക് മനസിൽ സുഖം തരുന്നുണ്ട്. കോമഡി സിനിമകളാണ് എനിക്ക് ഏറെ ഇഷ്ടമെന്നും ഇന്ദ്രൻസ് കൂട്ടിച്ചേർത്തു.
ചടങ്ങിൽ നഗരസഭ ചെയർമാൻ പ്രൊഫ. കെ.പി. ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. എം. രാധാകൃഷ്ണൻ നായർ ചലച്ചിത്രോത്സവം വിശദീകരിച്ചു. ചലച്ചിത്ര പ്രവർത്തകൻ എൻ. ശശിധരൻ മുഖ്യാതിഥിയായിരുന്നു. ലോഗോ രൂപകല്പന ചെയ്ത മോഹനചന്ദ്രനെ ചടങ്ങിൽ ആദരിച്ചു. വൈസ് ചെയർപേഴ്‌സൺ വി. ഗൗരി, എ.കെ. കുഞ്ഞികൃഷ്ണൻ, പി. ഭാർഗ്ഗവി, പി.വി. രാധാകൃഷ്ണൻ, സി. അബുരാജ്, എം. മധുസൂദനൻ, പി.സി. സുരേന്ദ്രൻ നായർ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ എന്നിവർ സംസാരിച്ചു. പി.പി. മുഹമ്മദ് റാഫി സ്വാഗതവും പി. വേലായുധൻ നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്ലാനിംഗ് ഹ്രസ്വചിത്രവും, ആളൊരുക്കം മലയാള ചലച്ചിത്രവും പ്രദർശിപ്പിച്ചു.
ചലച്ചിത്രേത്സവം 27ന് സമാപിക്കും.