murder

കാസർകോട്: അദ്ധ്യാപികയായ രൂപശ്രീയെ സഹഅദ്ധ്യാപകൻ കൊലപ്പെടുത്തിയതിന് പിന്നിൽ ഏഴ് വർഷം നീണ്ട പ്രണയം പൊളിഞ്ഞതിന്റെ പകയാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.

2003ലാണ് വെങ്കിട്ടരമണ ഈ സ്‌കൂളിൽ അദ്ധ്യാപകനായത്. 2014ൽ രൂപശ്രീ ചരിത്ര അദ്ധ്യാപികയായി എത്തി. സ്‌കൂളിലെ പ്രദർശനങ്ങളിൽ മോഡലിംഗിന് രൂപശ്രീക്ക്‌ സമ്മാനം ലഭിച്ചിരുന്നു. മോഡലിംഗിൽ സഹായിച്ചത് ചിത്രകലാ അദ്ധ്യാപകൻ വെങ്കിട്ട രമണയായിരുന്നു. ഇതുവഴിയാണ് ഇരുവരും അടുത്തത്. പിന്നീട് പ്രണയമായി.

പൂജയും മന്ത്രവാദവും നടത്തി ധാരാളം പണമുണ്ടാക്കിയിരുന്ന അദ്ധ്യാപകൻ രൂപശ്രീയെ സാമ്പത്തികമായി കണക്കറ്റ് സഹായിച്ചിരുന്നു. ഒരുതവണ മൂന്നു ലക്ഷം രൂപയും പിന്നീട് പല തവണയായി ലക്ഷങ്ങളും രൂപശ്രീക്ക് നൽകിയിട്ടുണ്ട്. ഇതിനിടെയാണ് മറ്റൊരു ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപകനുമായി രൂപശ്രീക്ക് ബന്ധമുണ്ടെന്ന് വെങ്കിട്ടരമണ അറിഞ്ഞത്. ഈ ബന്ധം ഒഴിവാക്കണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും രൂപശ്രീ പിന്മാറിയില്ല. അതോടെ ഇരുവരും അകലാൻ തുടങ്ങി. ഒരു തവണ അദ്ധ്യാപകൻ വാശിപിടിച്ചപ്പോൾ 'എന്നാൽ നിങ്ങൾ എന്നെ കല്യാണം കഴിക്കൂ.. 'എന്ന് രൂപശ്രീ പറഞ്ഞു. എനിക്ക് കുടുംബം ഉള്ളതല്ലേ കല്യാണം കഴിക്കാൻ നിർവാഹമില്ല എന്ന് വെങ്കിട്ടരമണ പറഞ്ഞു.

ആസൂത്രണം കർണാടക യാത്രയിൽ

ജനുവരി 14ന് വെങ്കിട്ട രമണ അവധിയെടുത്ത് ഡ്രൈവർ നിരഞ്ജനെയും കൂട്ടി കർണാടകത്തിൽ പൂജ നടത്താൻ പോയി. യാത്രയ്‌ക്കിടെ രൂപശ്രീയെ കുറിച്ച് വെങ്കിട്ടരമണ പറഞ്ഞു. അനുസരിക്കുന്നില്ലെങ്കിൽ തട്ടിക്കളയാം എന്ന് നിരഞ്ജൻ പറഞ്ഞു. ഈ യാത്രയിലാണ് ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തത്.

വിളിച്ചുവരുത്തി കൊലപ്പെടുത്തി

ജനുവരി 16ന് രാവിലെ തിരിച്ചെത്തിയ വെങ്കിട്ടരമണ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് രൂപശ്രീയെ വിളിച്ചു. ഹൊസങ്കടി ടൗണിൽ വച്ച് ഇരുവരും കണ്ടു. സ്‌കൂട്ടർ വഴിവക്കിൽ വെച്ച് രൂപശ്രീ വെങ്കിട്ടരമണയുടെ കാറിൽ കയറി. വെങ്കിട്ട രമണയുടെ വീട്ടിലെത്തിയ ശേഷം ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് വെങ്കട്ട രമണയും നിരഞ്ജനും ചേർന്ന് രൂപശ്രീയെ ഡ്രമ്മിലെ വെള്ളത്തിൽ മുക്കി കൊല്ലുകയായിരുന്നു.