കണ്ണൂർ: നാടോടി ,വ്യാജ ചികിത്സകൾ തേടി വെട്ടിലാകുന്നവരുടെ എണ്ണത്തിൽ കുറവില്ല.ആയുർവേദ
പാരമ്പര്യ ചികിത്സയെ കൂട്ടുപിടിച്ചാണ് വ്യാജ വൈദ്യർ സാധാരക്കാരെ കെണിയിലാക്കുന്നത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇത്തരക്കാർ നിലയുറപ്പിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം കൊല്ലം അഞ്ചലിൽ വ്യാജ ചികിത്സയെ തുടർന്ന് നിരവധി പേർക്ക് വൃക്ക,കരൾ രോഗം പിടിപെട്ടതായി കണ്ടെത്തിയിരുന്നു..
പാരമ്പര്യമായി ആയുർവേദ ചികിത്സാ രീതികൾ പഠിച്ച് ചികിത്സിക്കുന്നവരുടെ കൂടി വിശ്വാസ്യത തകർക്കുകയാണ് ഇത്തരം വ്യാജ ചികിത്സകർ.കൃത്യമായ ശുദ്ധിക്രമം പാലിച്ചുകൊണ്ട് മാത്രമേ മെർക്കുറി തുടങ്ങിയ രാസവസ്തുക്കൾ ഔഷധങ്ങളിൽ ഉപയോഗിക്കാൻ പാടുള്ളു.എന്നാൽ ഇതിനെ കുറിച്ച് ധാരണയില്ലാത്തവർ തോന്നിയ പോലെ രാസവസ്തുക്കളും മറ്റും മരുന്നുകളിൽ ചേർത്ത് തെറ്റായ ചികിത്സയിലൂടെ ആളുകളുടെ ജീവൻ തന്നെ അപകടത്തിലാക്കുകയാണ്.
ഇത്തരം വ്യാജ വൈദ്യൻമാരെ നിയമത്തിനു മുന്നിൽ കൊണ്ട് വന്ന് മതിയായ ശിക്ഷ വാങ്ങി കൊടുക്കണണെന്നും ആയുർവേദ പാരമ്പര്യ വൈദ്യൻമാർ പറയുന്നു. ഒരു ലക്ഷത്തിൽ പരം ആളുകൾ ചിട്ടയായ ആയുർവേദ പാരമ്പര്യ ചികിത്സയിലൂടെ കാൻസർ ,കിഡ്നി സംബന്ധമായ രോഗങ്ങളിൽ നിന്ന് പൂർണ്ണമായി മുക്തരായിട്ടുണ്ട്.അസ്ഥികൾ നുറുങ്ങി പല കഷണങ്ങളായവർ പോലും പാരമ്പര്യ ചികിത്സ നടത്തി സാധാരാണ ജീവിതത്തിലേക്ക് തിരിച്ചുവന്നിട്ടുമുണ്ട്. എന്നാൽ ഇത്തരം ചികിത്സകൾ വാഗ്ദാനം ചെയ്താണ് വ്യാജന്മാരും സാധാരണക്കാരെ കുടുക്കുന്നത്. വ്യാജസർട്ടിഫിക്കറ്റുകൾ പ്രദർശിപ്പിച്ചാണ് പലരും ചികിത്സ നടത്തുന്നത്.
ഈടാക്കുന്നത് വൻ തുക
അയ്യായിരം രൂപ മുതൽ 20,000 രൂപ വരെയാണ് ഇത്തരം സംഘങ്ങൾ ചികിത്സയ്ക്കെത്തുന്നവരിൽ നിന്ന് ഈടാക്കുന്നത്. മൈഗ്രയിൻ തുടങ്ങിയ ശാശ്വത പരിഹാരമില്ലാത്ത അസുഖങ്ങൾ വരെ ചികിത്സിച്ച് നേരെയാക്കാമെന്ന വാഗ്ദാനം നൽകിയാണ് ഇവർ രോഗികളിൽ നിന്ന് പണം കൊയ്യുന്നത്.
തിരിച്ചറിവില്ലാതെ ഇത്തരം വ്യാജന്മാരിൽ നിന്ന് ചികിത്സ തേടുന്നതാണ് കുഴപ്പം.പാരമ്പര്യ വൈദ്യം ഗുരുക്കന്മാരിൽ നിന്ന് പഠിച്ചു വരുന്നതാണ്. മാരക രോഗങ്ങൾ വരെ ചികിത്സിച്ച് ഭേദമാക്കുന്ന വൈദ്യന്മാരുണ്ട്. എന്നാൽ വ്യാജന്മാർ കാരണം പാരമ്പര്യ വൈദ്യന്മാരുടെയും വിശ്വാസ്യത നഷ്ടപ്പെടുകയാണ്
ടി.എസ്.ഓമനകുട്ടൻ വൈദ്യർ ,ആയുർവേദ പാരമ്പര്യ വൈദ്യ ഫെഡറേഷൻ ജനറൽ സെക്രട്ടറി.