കാസർകോട് : കാറില്‍ ചാരായം കടത്തിയ കേസിലെ പിടികിട്ടാപ്പുള്ളി 17 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍. കാസര്‍കോട് ബങ്കരക്കുന്നിലെ ബദറുദ്ദീനെയാണ് (47) ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്. 2003 ല്‍ ബദിയടുക്കയില്‍ കാറില്‍ ചാരായം കടത്തുന്നതിനിടെ ബദറുദ്ദീന്‍ പൊലീസ് പിടിയിലായിരുന്നു. കോടതിയില്‍ നിന്നും ജാമ്യമെടുത്ത ശേഷം ബദറുദ്ദീന്‍ മുങ്ങുകയാണുണ്ടായത്. ഇതേ തുടര്‍ന്ന് കോടതി നിരവധി തവണ വാറണ്ട്‌ അയച്ചെങ്കിലും പ്രതി ഹാജരായില്ല. മുംബൈയിലും മറ്റും ഒളിവില്‍ കഴിഞ്ഞ ബദറുദ്ദീന്‍ കഴിഞ്ഞ ദിവസം നാട്ടിലെത്തിയ വിവരമറിഞ്ഞതോടെ പൊലീസ് പിടികൂടുകയായിരുന്നു.