തളിപ്പറമ്പ്: പറശ്ശിനിക്കടവിലെ കവർച്ചാക്കേസിൽ പിടിയിലായ യുവാക്കൾ വേറെയും കവർച്ച നടത്തിയതിന് തളിപ്പറമ്പ് പൊലീസിന് തെളിവ് ലഭിച്ചു. കുറുമാത്തൂരിലെ തോട്ടാവളപ്പിൽ വൈഷണവ് (19), ശ്രീകണ്ഠപുരം ചേപ്പറമ്പിലെ ആലവളപ്പിൽ അശിൻ (22), പൂമംഗലത്തെ മീത്തുംപൊയിൽ ജിതേഷ് (22),പറശിനിക്കടവ് തലവിലെ ഇടച്ചേരിയിൽ ബിനോയ് (22), മുതയിൽ ഹൗസിൽ അശ്വന്ത് ശശി (23)എന്നിവർ നടത്തിയ അഞ്ചോളം കവർച്ചകളാണ് തെളിഞ്ഞത്.കോൾമൊട്ടയില വൃദ്ധന്റേതുൾപ്പെടെ മൂന്ന്മൊബൈൽ ഫോണുകൾ കൂടി യുവാക്കൾ മോഷ്ടിച്ചിരുന്നു. കഴിഞ്ഞ വിഷുവിന് തലേദിവസം തവളപ്പാറയിലെ അംഗൻവാടിയിൽ നിന്ന് 3000 രൂപ കളവ് പോയിരുന്നു. ഇതിന് പിന്നിലും ഇവരാണെന്ന് തെളിഞ്ഞിട്ടുണ്ട്.ബന്ധുവായ സ്ത്രീയുടെ സ്വർണ്ണാഭരണം അശ്വിൻ കവർച്ച ചെയ്തിരുന്നു. ഈ സംഭവത്തിലും പൊലീസിന് തെളിവ് ലഭിച്ചു.
എസ്.ഐ കെ.പി.ഷൈനിന്റെ നേത്യത്വത്തിൽ യുവാക്കളെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു.തുടർന്ന് പറശ്ശിനിക്കടവ്, കോൾമൊട്ട ഭാഗങ്ങളിൽ നടത്തിയ തെളിവെടുപ്പിലാണ് യുവാക്കൾ കൂടുതൽ കവർച്ചകൾ നടത്തിയതായി മനസിലായത്. എ.എസ്.ഐ അബ്ദുൾറൗഫ്, സി.പി.ഒ ബിനേഷ് എന്നിവരും തെളിവെടുപ്പ് സംഘത്തിലുണ്ടായിരുന്നു.പറശ്ശിനിക്കടവിൽ ഡോക്ടറുടെ മൊബൈൽഫോണും നീറ്റ് കോളേജിലെ വിദ്യാർത്ഥിയുടെ ബൈക്കും മോഷണം നടത്തിയതിനാണ് യുവാക്കൾനേരത്തെ പിടിയിലായത്.