ജില്ലയിൽ ആശ്വാസമേകിയത് 7010 കുടുംബങ്ങൾക്ക്

കാസർകോട്: സംസ്ഥാന സർക്കാർ മികച്ച രീതിയിൽ നടപ്പിലാക്കിയ ലൈഫ് മിഷൻ പദ്ധതിയിൽ സാങ്കേതിക കാരണങ്ങളാലും മറ്റും ഇനിയും ഉൾപ്പെടാത്ത ഭവനരഹിതർക്ക് വീട് ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് റവന്യുഭവന നിർമാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. ലൈഫ് മിഷൻ-പി.എം.എ.വൈ ഗുണഭോക്താക്കളുടെ ജില്ലാതല സംഗമം കാസർകോട് നഗരസഭ ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ എല്ലാ ഭവന രഹിതരുടെയും വീടെന്ന സ്വപ്നം സാക്ഷാൽക്കരിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ലൈഫ് പദ്ധതി പ്രകാരം ഇതിനോടകം തന്നെ രണ്ട് ലക്ഷം വീടുകളുടെ നിർമാണമാണ് പൂർത്തിയാക്കിയത്. കേവലം വീട് നൽകി വിടാതെ ഗുണഭോക്താക്കളുടെ വിവിധ ആവശ്യങ്ങൾക്ക് പരിഹാരം കൂടി നൽകുന്നതിന് ജില്ലകൾ തോറും കുടുംബസംഗമവും അദാലത്തും നടത്തിയിരുന്നു. ഇതിലൂടെ വിവിധ വകുപ്പുകളിൽ നിന്നുമുള്ള നിരവധി സേവനങ്ങളാണ് ഗുണഭോക്താക്കൾക്ക് ലഭിച്ചത്.

ലൈഫ് മിഷന്റെ മൂന്നാം ഘട്ടമായ ഭൂമിയില്ലാത്ത ഭവനരഹിതർക്ക് വീട് നൽകാനുള്ള നടപടികളാണ് ഇനി പൂർത്തിയാക്കാനുള്ളത്. ഇതു പ്രകാരം അടിസ്ഥാന സൗകര്യങ്ങളെല്ലാമുള്ള ഫ്‌ളാറ്റ് നിർമിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ചു വരുന്നു. ഭവനരഹിതർക്ക് വേണ്ടി സർക്കാർ മികച്ച രീതിയിൽ ഇടപെടുമ്പോൾ പദ്ധതി ഫലപ്രദമായി നടപ്പിലാക്കാൻ ഗുണഭോക്താക്കളും പൊതുസമൂഹവും പിന്തുണ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അനുവദിച്ചത് 73.64 കോടി രൂപ
ഭവന നിർമാണ പദ്ധതിക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി ഇതുവരെ 73.64 കോടി രൂപയാണ് അനുവദിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപന വിഹിതമായി 8,94,26,694 രൂപയും ഹഡ്‌കോ വായ്പാ ഇനത്തിൽ 46,57,11,778 രൂപയും, സംസ്ഥാന സർക്കാർ വിഹിതമായി 18,12,95,875 രൂപയും ഗ്രാമ പഞ്ചായത്തുകൾക്ക് അനുവദിച്ചിട്ടുണ്ട്. പദ്ധതി പ്രകാരം കേന്ദസർക്കാർ 1.5 ലക്ഷം നൽകുമ്പോൾ സംസ്ഥാന സർക്കാർ അത് നാല് ലക്ഷമാക്കി ഗുണഭോക്താക്കളിലെത്തിക്കുന്നു. പി.എം.എ.വൈ റൂറൽ പദ്ധതിയിൽ ഇപ്പോൾ നൽകിവരുന്ന 4 ലക്ഷത്തിൽ 72,000 രൂപ മാത്രമാണ് കേന്ദ്ര വിഹിതം.