കാസർകോട്: മീയാപദവ് ഹയർസെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപിക ചികൂർ പാതയിലെ രൂപശ്രീയെ (40) കൊലപ്പെടുത്തി മൃതദേത്തുമായി സഹ അദ്ധ്യാപകനും സുഹൃത്തും കാറിൽ സഞ്ചരിച്ചത് 90 കിലോമീറ്റർ. മിയാപദവ് സ്‌കൂളിലെ ചിത്രകലാ അദ്ധ്യാപകൻ വെങ്കിട്ടരമണ കരന്തര (50 ), സുഹൃത്ത് നിരഞ്ജൻ (30) എന്നിവർ ഹൊസങ്കടിയിലെത്തി മംഗളൂരുവിൽ വിവാഹത്തിന് പോയിരുന്ന ഭാര്യയെയും മക്കളെയും കയറ്റി കുറെ ദൂരം യാത്ര ചെയ്തു വീട്ടിൽ എത്തിച്ച ശേഷമാണ് മൃതദേഹം കടപ്പുറത്ത് കൊണ്ടുപോയി തള്ളിയത്.
കൊലപാതകം ഇങ്ങനെ: തന്ത്രപൂർവം രൂപശ്രീയെ തന്റെ വീട്ടിലെത്തിച്ച വെങ്കട്ടരമണ മറ്റൊരാളുമായി ബന്ധം പുലർത്തുന്നതിനെക്കുറിച്ച് ചോദിക്കുകയും അതിൽനിന്ന് പിൻമാറണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. രൂപശ്രീ വഴങ്ങിയില്ല. വാക്ക് തർക്കത്തിനിടെ വെങ്കിട്ട രമണ രൂപശ്രീയെ മർദ്ദിച്ചു. രക്ഷപ്പെടാൻ ശ്രമിച്ച രൂപശ്രീയെ ആ വീട്ടിൽ അത്രയും സമയം ഒളിച്ചിരിക്കുകയായിരുന്ന കാർഡ്രൈവറും വെങ്കിട്ടരമണയുടെ സുഹൃത്തുമായ നിരഞ്ജൻ തടഞ്ഞു. തുടർന്ന് ഇരുവരും രൂപശ്രീയെ ബലമായി കുളിമുറിയിലെത്തിച്ച് അവിടെയുണ്ടായിരുന്ന വെള്ളംനിറച്ച വീപ്പയിൽ ബലമായി മുഖം താഴ്ത്തിപിടിച്ചു. കുതറിമാറിയ രൂപശ്രീ ഓടുന്നതിനിടെ കാൽ വഴുതി വീഴുകയും അബോധാവസ്ഥയിലാവുകയും ചെയ്തു. രൂപശ്രീയെ താങ്ങിയെടുത്ത് കുളിമുറിയിൽ കൊണ്ടുപോയി വെള്ളത്തിൽ മുഖം താഴ്ത്തി മരണം ഉറപ്പുവരുത്തിയ ശേഷം മൃതദേഹം ഒരു ചാക്ക് കൊണ്ട് മറച്ച് കാറിന്റെ ഡിക്കിയിൽ കയറ്റി. അപ്പോഴേയ്‌ക്കും വൈകിട്ട് 6 മണിയായിരുന്നു.
ഡിക്കിയിൽ അടച്ച മൃതദേഹവുമായി വെങ്കിട്ടരമണ കാറിൽ ഹൊസങ്കടിയിലെത്തി ഭാര്യയെയും മക്കളെയും കൂട്ടി വീട്ടിലെത്തി. രാത്രി 7 മണിയോടെ കർണ്ണാടകയിൽ ഒരു പൂജയുണ്ടെന്ന് പറഞ്ഞ് ഇറങ്ങിയ വെങ്കിട്ട രമണ നിരഞ്ജനെയും കൂട്ടി മൃതദേഹമുള്ള കാറിൽ വീണ്ടും പുറപ്പെട്ടു. വിട്‌ളയിൽ ഒരു പൂജയ്ക്ക് പോയെങ്കിലും മാറ്റിവെച്ചതായി വീട്ടിൽ അറിയിച്ചു. തിരിച്ചുവന്ന് ബി.സി റോഡിലൂടെയും മംഗളൂരു പടിലു വഴിയും കറങ്ങി നേത്രാവതി പുഴയിൽ മൃതദേഹം തള്ളാൻ ഒരുങ്ങിയെങ്കിലും നടന്നില്ല. പിന്നീട് നേരെ കണ്വതീർത്ഥയിലേക്ക് വന്ന് രാത്രി 12 മണിയോടെ കടലിൽ തള്ളുകയായിരുന്നു.
തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും ശേഷം വെള്ളിയാഴ്ച രാത്രി 10 മണിയോടെ പ്രതികളെ കാസർകോട് മജിസ്‌ട്രേട്ടിന്റെ വസതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.. കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി അപേക്ഷ നൽകിയതായി ക്രൈംബ്രാഞ്ച് ഡിവൈ. എസ്. പി. എ. സതീഷ് കുമാർ പറഞ്ഞു. അദ്ധ്യാപകന്റെ വീട്ടിലും കടപ്പുറത്തും പ്രതികളുമായി തെളിവെടുപ്പ് നടത്തും. അദ്ധ്യാപികയെ മുക്കിക്കൊല്ലാൻ ഉപയോഗിച്ച വീപ്പയും മറ്റ് ഉപകരണങ്ങളും അടക്കമുള്ള തെളിവുകൾ കണ്ടെടുക്കണം.