പേരാവൂർ: പാലപ്പുഴ പെരുമ്പുന്ന ജനവാസ മേഖലയിൽ വീണ്ടും കാട്ടാനകളിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ആറളം ഫാമിൽ നിന്ന് ബാവലിപ്പുഴ കടന്നാണ് കാട്ടാനക്കൂട്ടം പെരുമ്പുന്നയിലും പുലിമുണ്ടയിലും എത്തി കാർഷിക വിളകൾ നശിപ്പിച്ചത്. വളയങ്ങാടൻ ഭാസ്‌കരൻ, വളയങ്ങാടൻ ലക്ഷ്മണൻ, നടേൽ പുരുഷു, സി.ജി.തങ്കപ്പൻ എന്നിവർ ചേർന്ന് മടത്തിമലയിൽ ഗിരീഷിന്റെ കൃഷിയിടത്തിൽ കൃഷി ചെയ്ത നേന്ത്രവാഴകൾ ഉൾപ്പെടെയുള്ള വിളകളാണ് വ്യാപകമായി നശിപ്പിച്ചത്.

പ്രദേശത്ത് വീണ്ടും കാട്ടാനയിറങ്ങി നാശം വിതച്ചത് നാട്ടുകാരെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇതിന് മുമ്പും പെരുമ്പുന്നയ്ക്ക് പുറമെ ഓടംതോട് അണുങ്ങോട് പ്രദേശങ്ങളിൽ കാട്ടാന ശല്യം രൂക്ഷമായപ്പോൾ ഇതിന് പരിഹാരമായി ആനമതിൽ നിർമ്മിക്കുന്നതുൾപ്പെടെയുള്ള പ്രതിരോധ മാർഗ്ഗങ്ങൾക്ക് ബന്ധപ്പെട്ടവർ ശ്രമം തുടങ്ങിയിരുന്നെങ്കിലും പദ്ധതി നടപ്പിലാക്കുന്നതിലെ കാലതാമസമാണ് ആനകൾക്ക് സ്വൈരവിഹാരത്തിന് സഹായകമാവുന്നത്. നിരവധി തവണ പരാതിപ്പെട്ടിട്ടും ജനവാസ മേഖലയിലെ വന്യമൃഗശല്യത്തിന് അറുതി വരുത്താൻ വനംവകുപ്പ് അധികാരികൾ ഉൾപ്പെടെയുള്ളവർ വേണ്ടത്ര നടപടി സ്വീകരിക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി. കാട്ടാന ശല്യത്തിന് അറുതി വരുത്തണമെന്നാവശ്യപ്പെട്ട് വീണ്ടും പ്രത്യക്ഷ സമരം നടത്താനൊരുങ്ങുകയാണ് കർഷകർ.