തൃക്കരിപ്പൂർ: തൃക്കരിപ്പൂർ റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ സൗജന്യ പച്ചക്കറി കൃഷി പദ്ധതി നടപ്പിലാക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

റോട്ടറി ക്ലബ്ബ് നേരത്തെ സംഘടിപ്പിച്ച നീന്തൽ പരിശീലനത്തിന്റെ സമാപനവും സർട്ടിഫിക്കറ്റ് വിതരണവും നാളെ വൈകീട്ട് 3ന് റോട്ടറി സംഗീത ഗ്രാമത്തിൽ നടത്തും. റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണർ മേജർ ഡോണർ എ. കാർത്തികേയന്റെ സന്ദർശനാർത്ഥമാണ് പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്. തുടർന്ന് ക്ലബ്ബിന്റെ പച്ചക്കറി പ്രോത്സാഹന പദ്ധതിയുടെ ഉദ്ഘാടനവും നടക്കും. മികച്ച കൃഷി നടപ്പിലാക്കുന്നവർക്ക് സമ്മാനങ്ങളും നൽകും.

പരിപാടിയുടെ ഭാഗമായി രാത്രി ഏഴരയ്ക്ക് നടക്കാവ് ശ്രീലയം ഓഡിറ്റോറിയത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറും. ഫെബ്രവരി 9ന് തൃക്കരിപ്പൂർ ഹയർ സെക്കൻഡറി സ്കൂളിൽ സൗജന്യ തിമിര നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ റോട്ടറി പ്രസിഡന്റ് കരിവെള്ളൂർ നാരായണൻ, സെക്രട്ടറി പി.പി. രഘുനാഥ്, കെ.വി. ഗംഗാധരൻ, എം. സുലൈമാൻ, ഡോ. ശ്രീകുമാർ പങ്കെടുത്തു.

പച്ചക്കറി കൃഷി നടത്താൻ ആഗ്രഹിക്കുന്നവർ 9847941482 എന്ന നമ്പറിലും മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9447100393 എന്നനമ്പറിലും ബന്ധപ്പെടണം.