തലശ്ശേരി: മാസങ്ങൾക്ക് മുമ്പ് ധർമ്മടം തുരുത്തിന് സമീപം കാറ്റിലും കോളിലും പെട്ട് മണൽതിട്ടയിൽ ഉറച്ചുപോയ കപ്പൽ നീക്കം ചെയ്യാനെത്തിയ കൊല്ലം സ്വദേശി സേവ്യറിന്റെ ജയ് മാത എന്ന ബോട്ട് ഇന്നലെ രാത്രിയോടെ കത്തിനശിച്ചു.
കഴിഞ്ഞ ദിവസം സേവ്യറിന്റെ രണ്ട് ബോട്ടുകൾ കപ്പൽ നീക്കാനായി എത്തിയിരുന്നു.ഇതിൽ ഒന്നിന് രാത്രി 11 മണിയോടെ തീപ്പിടിക്കുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബോട്ടിൽ സൂക്ഷിച്ച 600 ലിറ്റർ ഡീസലും കത്തിനശിച്ചു.വിവരമറിഞ്ഞ് തലശ്ശേരിയിൽ നിന്നും എത്തിയ അസി. സ്റ്റേഷൻ ഓഫീസർ എം.എസ്.ശശിധരന്റെ നേതൃത്വത്തിലുള്ള അഗ്‌നി രക്ഷാ സേന അതിസാഹസികമായാണ് തീ അണച്ചത്.
കരയിൽ നിന്നും ഏകദേശം 200 മീറ്ററോളം അകലെ കടലിൽ ഉള്ള അഗ്‌നിക്കിരയായ ബോട്ടിൽ എത്തുന്നത് ഏറെ ശ്രമകരമായിരൂന്നു .വലിയ ഏണി ഉപയോഗിച്ച് തീപ്പിടിച്ച ബോട്ടിന്റെ മുകളിൽ എത്തി ഒൻപത് മണിക്കൂറോളം ഫോമും വെള്ളവും ഉപയോഗിച്ച് പരിശ്രമിച്ചാണ് തീയണച്ചത്.ബോട്ടിലുണ്ടായിരുന്ന ഡീസലിന് തീപിടിച്ച് അഗ്‌നി ആളിക്കത്തിയത് രക്ഷാപ്രവർത്തനം ദുഷ്‌ക്കരമാക്കി. സീനിയർ ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ എം.രാജീവൻ, എ.ബൈജു, കെ.സജിത്ത്, ഷിഥിൻ രാജ്, ശ്രീജേഷ്, വിജേഷ്, സന്തോഷ്, രാഹുൽ എന്നിവരടങ്ങുന്ന അഗ്‌നി രക്ഷാ സേനാഗംങ്ങളാണ് തീയണച്ചത്.നാട്ടുകാരും മത്സ്യതൊഴിലാളികളും സഹായത്തിനെത്തിയിരുന്നു. ധർമ്മടം എസ്.ഐ.മഹേഷ് കണ്ടമ്പത്തിന്റെ നേതൃത്വത്തിലുള്ള പൊലീസും സ്ഥലത്ത് എത്തിയിരുന്നു.