തൃക്കരിപ്പൂർ: ആറുപതിറ്റാണ്ടുകളായി വിശ്വാസികൾക്ക് മഞ്ഞൾക്കുറിയും അനുഗ്രഹവും നൽകിയ കൊയോങ്കര ശ്രീ പൂമാലക്കാവ് ഭഗവതി ക്ഷേത്രം രക്തചാമുണ്ഡിയുടെ ദേവ നർത്തകൻ മാമുനി വൈക്കത്ത് കുഞ്ഞമ്പു വെളിച്ചപ്പാടൻ ഓർമ്മയായി.

കുരുത്തോലകൊണ്ട് നെറ്റിപ്പട്ടം, കാതിൽ, വളകൾ, അരപ്പട്ട തുടങ്ങിയവ ഉണ്ടാക്കി ഇവയൊക്കെ ധരിപ്പിച്ചു പട്ടുടുപ്പിച്ച ശേഷമാണ് പരേതന്റെ ഭൗതിക ശരീരം പാരമ്പര്യ ശൈലിയിൽ ചുമന്നുകൊണ്ട് പട്ടടയിൽ എത്തിച്ചത്. പരേതന് അന്തിമോപചാർമർപ്പിക്കാൻ നൂറുക്കണക്കിന് വിശ്വാസികളാണ് ഇന്നലെ കൊയോങ്കരയിലെത്തിയത്. വിവിധ ക്ഷേത്രം ഭാരവാഹികൾ, പൂരക്കളി പണിക്കന്മാർ, സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ പരേതന്റെ വസതിയിലെത്തി അന്തിമോപചാരമർപ്പിച്ചു.