കണ്ണൂർ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് 288 പേർ നിരീക്ഷണത്തിലാണെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ഇതിൽ 281 പേർ വീട്ടിലും ഏഴ് പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
പരിശോധനാഫലങ്ങളിലൊന്നും കൊറോണ ബാധ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ രണ്ട് പേർക്ക് എച്ച് വൺ, എൻ വൺ ബാധയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. സംശയാസ്പദമായവരുടെ രക്തസാമ്പിളുകൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. ഇന്നു ഫലം കിട്ടുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആരുടെയും ആരോഗ്യനിലയിൽ ആശങ്കയ്ക്ക് വകയില്ല. ഇനി എവിടെയെങ്കിലും അത്തരമൊരു ലക്ഷണങ്ങളുണ്ടായാൽ നിപയെ പ്രതിരോധിച്ച അനുഭവത്തിൽ നിന്ന് കൊറോണ വൈറസിനെയും നേരിടാൻ കഴിയുമെന്ന ആത്മവിശ്വാസം നേടിയിട്ടുണ്ട്.
എല്ലാ മെഡിക്കൽ കോളേജുകളിലും ഐസൊലേഷൻ വാർഡ് സജ്ജമാക്കും. ചൈനയിൽ നിന്ന് വന്നർക്ക് പ്രത്യേക പരിശോധനയ്‌ക്കും നിർദ്ദേശിച്ചിട്ടുണ്ട്. എയർപോർട്ടുകളിലും മറ്റും ഇത്തരക്കാരെ പരിശോധിക്കാൻ ആരോഗ്യവകുപ്പിന്റെ പ്രത്യേക സംവിധാനമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
ആശുപത്രികളിൽ
നിരീക്ഷണത്തിലുള്ളവർ
തിരുവനന്തപുരം: ഒന്ന്
പത്തനംതിട്ട: ഒന്ന്
ആലപ്പുഴ: ഒന്ന്
തൃശ്ശൂർ: ഒന്ന്
എറണാകുളം: മൂന്ന്
ശ്രദ്ധിക്കാൻ
ലക്ഷണങ്ങൾ വരുന്നതിന് മുൻപ് തന്നെ രോഗം പകരാൻ സാദ്ധ്യതയുണ്ട്. പനി ഏതു തരമായാലും സ്വയം ചികിത്സിക്കാതെ ഡോക്ടറെ കാണിക്കണം.