കണ്ണൂർ: ഭരണഘടന ഉറപ്പുനൽകുന്ന തുല്യാവകാശം രാജ്യാതിർത്തിക്കുള്ളിലെ ഒരാൾക്കുപോലും നഷേധിക്കുന്നത് ഭരണഘടനാ ലംഘനവും നീതിയുടെയും മൗലികാവകാശങ്ങളുടെയും നഷേധവുമാണെന്ന് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. ഭരണഘടനാ മൂല്യങ്ങൾ പരിരക്ഷിക്കാൻ രാജ്യത്തെ ജനങ്ങളൊന്നാകെ പ്രതിജ്ഞയെടുക്കേണ്ട സന്ദർഭമാണിതെന്നും അദ്ദേഹം പറഞ്ഞു. 71ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന സെറമോണിയൽ പരേഡിൽ അഭിവാദ്യം സ്വീകരിച്ച ശേഷം റിപ്പബ്ലിക് ദിന സന്ദേശം നൽകുകയായിരുന്നു മന്ത്രി.
ജില്ലാ പൊലിസ് ഹെഡ്ക്വാർട്ടേഴ്‌സ് അസിസ്റ്റന്റ് കമാന്റന്റ് വിശ്വനാഥനും റസേർവ് സബ് ഇൻസ്‌പെക്ടർ പി പി റോയിയും നയിച്ച പരേഡിൽ പോലീസ്, ജയിൽ, എക്‌സൈസ്, ഫയർ ആന്റ് റെസ്‌ക്യൂ, ഫോറസ്റ്റ്, എൻ.സി.സി, സ്‌കൗട്ട്‌സ് & ഗൈഡ്‌സ്, ജൂനിയർ റെഡ് ക്രോസ്, സ്റ്റുഡന്റ്‌സ് പോലിസ് കേഡറ്റ് എന്നീ വിഭാഗങ്ങളിൽ നിന്നായി 42 പ്ലാറ്റൂണുകളും ആറ് ബാന്റ് സംഘങ്ങളും അണിനിരന്നു.
വിദ്യാർഥി വിഭാഗത്തിലെ മികച്ച പ്ലാറ്റൂണിനുള്ള ജില്ലാ കലക്ടറുടെ റോളിംഗ് ട്രോഫിക്ക് എസ്.എൻ. കോളേജ് സീനിയർ എൻ.സി.സി വിഭാഗം അർഹരായി. മികച്ച പരേഡ് ട്രൂപ്പുകളായി കേരള ആംഡ് പോലിസ് നാലാം ബറ്റാലിയൻ (സർവീസ് വിഭാഗം), എസ്എൻ കോളേജ്, കണ്ണൂർ (എൻ.സി.സി സീനിയർ), ചൊവ്വ എച്ച്എസ്എസ് (എൻ.സി.സി ജൂനിയർ), പിണറായി ഹയർ സെക്കൻഡറി സ്‌കൂൾ (സ്റ്റുഡന്റ് പൊലീസ്), സെന്റ് മൈക്കിൾസ് എച്ച്.എസ്.എസ്, കണ്ണൂർ (സ്‌കൗട്ട്‌സ്), സെന്റ് തെരേസാസ് എച്ച്.എസ്.എസ് (ഗൈഡ്‌സ്), സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ എച്ച്.എസ്.എസ് (ജൂനിയർ റെഡ്‌ക്രോസ് ബോയ്‌സ്), സെന്റ് തെരേസാസ് എച്ച്എസ്എസ് (ജൂനിയർ റെഡ്‌ക്രോസ് ഗേൾസ്) എന്നിവ തെരഞ്ഞെടുക്കപ്പെട്ടു. മേയർ സുമ ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ജില്ലാ കളക്ടർ ടി വി സുഭാഷ്, ജില്ലാ പോലിസ് സൂപ്രണ്ട് ജി എച്ച് യതീഷ് ചന്ദ്ര, കോർപറേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ ടി. ഒ. മോഹനൻ, കൗൺസിലർ ലിഷ ദീപക്, സബ് കളക്ടർമാരായ ആസിഫ് കെ. യൂസഫ്, എസ്. ഇലാക്യ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.