കാസർകോട്: ഭാവിയിലുണ്ടാകാനിടയുള്ള ഊർജ പ്രതിസന്ധിക്ക് പരിഹാരമായി സംസ്ഥാനത്ത് പുരപ്പുറ സൗരോർജ പദ്ധതി വ്യാപിപ്പിക്കാൻ നടപടികൾ ആരംഭിച്ചുവെന്ന് മന്ത്രി എം.എം. മണി പറഞ്ഞു. കാസർകോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച വൈദ്യുതി അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
50 മെഗാവാട്ട് വൈദ്യുതി ഇപ്പോൾ ഉത്പാദിപ്പിക്കുന്നു. അധികം താമസിയാതെ തന്നെ 300 മെഗാവാട്ട് വരെ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള നടപടികൾ വൈദ്യുതി വകുപ്പ് ആരംഭിച്ചു കഴിഞ്ഞു. എൽ.ഇ.ഡി. ബൾബുകളുടെ വിതരണവും കാര്യക്ഷമമായി നടക്കുകയാണ്. ഫ്‌ളോട്ടിംഗ് സോളാർ പാനലുകൾ വഴിയും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ശ്രമവും പുരോഗമിക്കുന്നു. വൈദ്യുതി പ്രസരണ വിതരണ ശൃംഖല കൂടുതൽ ഊർജക്ഷമമാക്കാൻ 12,000 കോടി രൂപയുടെ മൂലധന സമാഹരണം പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
വൈദ്യുതി ബോർഡും പൊതുജനങ്ങളും തമ്മിൽ സൗഹാർദപരമായ അന്തരീക്ഷം കെട്ടിപ്പെടുക്കാനുള്ള ചുവടുവെയ്പ്പാണ് വൈദ്യുതി അദാലത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. വൈദ്യതി മേഖലയിൽ കാര്യക്ഷമമായ പ്രവർത്തനം ഉറപ്പാക്കാൻ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സർക്കാർ സ്വീകരിച്ചത്. ഉദ്യോഗസ്ഥരുടെയും ജനങ്ങളുടെയും പിന്തുണയോടെ കൂടുതൽ കരുത്തുനേടി വൈദ്യുതി ബോർഡ് പുതിയ പദ്ധതികൾ ഏറ്റെടുത്ത് നടത്തുകയാണെന്ന് മന്ത്രി പറഞ്ഞു.
ഉതിപാദനം 30 ശതമാനം മാത്രം
കേരളത്തിന് ആവശ്യമുള്ളതിന്റെ 30 ശതമാനം മാത്രം വൈദ്യുതിയാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. ബാക്കി 70 ശതമാനം വൈദ്യുതിയും ഹ്രസ്യകാല ദീർഘകാല കരാറുകളിലൂടെ നാം വാങ്ങുന്നു. ഈ പരിമിതികൾക്കിടയിലും സമ്പൂർണ്ണ വൈദ്യുതീകരണപ്രവർത്തി പൂർത്തിയാക്കി. ഓരോ ദിവസവും വൈദ്യുതിയുടെ ആവശ്യം വർധിച്ചു വരികയാണ്. ഭാവിയിലുണ്ടാകാനിടയുള്ള ഊർജ പ്രതിസന്ധി മുന്നിൽകണ്ടുകൊണ്ട് അതിനെ മറി കടക്കാൻ നാം കൂടുതൽ സാധ്യതകൾ പരീക്ഷിക്കുകയാണ്.
പരാതികൾ 838
തീർപ്പാക്കിയത് 368
അദാലത്തിൽ ആകെ 838 പരാതികൾ പലഭിച്ചു.ഇതിൽ 368 പരാതികൾ തീർപ്പാക്കി. ലഭിച്ച 838 പരാതികൾ 421 പരാതികളാണ് പരിഗണിച്ചത്. ആകെയുള്ള പരാതികളിൽ 74 പരാതികൾ പുതിയ പരാതികളാണ്. കുടിശ്ശിക ഉൾപ്പെടെ 300.37 ലക്ഷം രൂപയുടെ പരാതികളിൽ 60.06 ലക്ഷം രൂപയുടെ ഇളവ് ബോർഡ് നൽകി.