തലശ്ശേരി: തലശ്ശേരി കോ ഓപ്പറേറ്റിവ് റൂറൽ ബാങ്ക് ഏർപ്പെടുത്തിയ ഇ. നാരായണൻ പുരസ്കാര വിതരണവും ടി. പത്മനാഭൻ നവതി ആദരവും മുഖ്യമന്ത്രി പിണറായി ഉദ്ഘാടനം ചെയ്തു. തൊട്ടതെല്ലാം പൊന്നാക്കിയ വ്യക്തിയായിരുന്നു ഇ. നാരായണനെന്നും കേരളത്തിൽ ഊരാളുങ്കൽ സൊസൈറ്റിയുടെ കീഴിൽ ഒരുപാട് മാറ്റങ്ങൾ വരുത്താൻ രമേശൻ പാലേരിക്ക് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഇ. നാരായണന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ മികച്ച സഹകാരി പുരസ്കാരം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. 50001 രൂപയും പ്രശസ്തി പത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. നവതിയിലെത്തിയ കഥാകൃത്ത് ടി. പത്മനാഭനെ മുഖ്യമന്ത്രി ആദരിച്ചു.
ആദരവിന് മുന്നോടിയായി 90 വിദ്യാർത്ഥിനികൾ ദീപം തെളിയിച്ച് ടി. പത്മനാഭന് ഗുരുവന്ദനം അർപ്പിച്ചു. മൂന്നാമത്തെ നോവൽ എന്ന അദ്ദേഹത്തിന്റെ പുതിയ കഥാസമാഹാരം ചടങ്ങിൽ പ്രകാശനം ചെയ്തു. പി.കെ പാറക്കടവ് പുസ്തകം ഏറ്റുവാങ്ങി. എ.എൻ ഷംസീർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കാരായി രാജൻ, പി.ഹരീന്ദ്രൻ, സി.കെ രമേശൻ, പൊന്ന്യം ചന്ദ്രൻ, ശ്രീകല മുല്ലശ്ശേരി എന്നിവർ പങ്കെടുത്തു. ബാങ്കിന്റെ നവീകരിച്ച കെട്ടിടം സി.പി. എം ജില്ലാസെക്രട്ടറി എം.വി ജയരാജനും തിരുവങ്ങാട് ബ്രാഞ്ചിന്റെ ഉദ്ഘാടനം സി.പി. എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജനും നിർവഹിച്ചു.