മാഹി: ലാവ്ലിൻ കേസിന്റെ വിധി ഭയന്നാണ് പിണറായി വിജയൻ ഗവർണറുമായി ഒത്തുതീർപ്പിലെത്തിയതെന്ന് കെ. മുരളീധരൻ എം.പി പറഞ്ഞു. കേന്ദ്ര സർക്കാർ മനപൂർവം ലാവ്ലിൻ കേസ് നീട്ടിവയ്ക്കുന്നത് ഇതിന്റെ ഭാഗമാണ്. ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന നിലയിലാണ് മോദി സർക്കാരിനോടുള്ള പിണറായി വിജയന്റെ സമീപനം. കേരളത്തിലെ ന്യൂനപക്ഷങ്ങളെ പിണറായി തെറ്റിദ്ധരിപ്പിക്കുകയാണ്. മുയലിനോടൊപ്പം ഓടുകയും വേട്ടപ്പട്ടിയോടൊപ്പം ചേരുകയും ചെയ്യുക എന്ന സമീപനമാണ് ന്യൂനപക്ഷങ്ങളോട് പിണറായി സ്വീകരിക്കുന്നത്. പൗരത്വ ബില്ലിനെതിരെ മനുഷ്യശൃംഖല തീർത്ത പിണറായി ഉടൻ പൗരത്വ ബില്ലിനെ അനുകൂലിക്കുന്ന ഗവർണറുടെ ചായ സത്കാരത്തിൽ പങ്കെടുക്കുകയാണ് ചെയ്തത്.
യു.ഡി.എഫ് പ്രമേയം പാസായാൽ നാണമുണ്ടെങ്കിൽ ഗവർണർ രാജിവയ്ക്കണം. ആത്മാർത്ഥതയുണ്ടെങ്കിൽ എൽ.ഡി.എഫ് പ്രമേയത്തെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ അച്ചടക്ക നടപടിക്കുള്ള നോട്ടീസ് ലഭിച്ചാൽ അറിയിക്കാമെന്നും യോഗത്തിൽ പങ്കെടുക്കാത്തതിനാൽ അച്ചടക്ക സമിതിയെ കുറച്ച് അറിയില്ലെന്നും മുരളീധരൻ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി നയിക്കുന്ന സഹനസമര പദയാത്രയിൽ പങ്കെടുക്കാൻ മാഹിയിലെത്തിയതായിരുന്നു എം.പി.