നീലേശ്വരം: നരേന്ദ്ര മോദി സർക്കാർ രാജ്യത്തെ കൊള്ളയടിക്കുകയാണെന്ന് സി.പി.എം അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സി.പി.എം. നീലേശ്വരം വെസ്റ്റ് ലോക്കൽ കമ്മിറ്റിക്കുവേണ്ടി പണിത കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ സമ്പദ്ഘടന ദിവസം കഴിയുന്തോറും താഴേക്കു പോവുകയാണ്. തൊഴിലില്ലായ്മ രൂക്ഷമാണ്. കർഷകർ ആത്മഹത്യ ചെയ്യുകയാണ്. മുസ്ലീംങ്ങൾക്ക് പൗരത്വം നൽകില്ല എന്നാണ് മോദി പറയുന്നത്. തീവ്ര ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനാണ് ബി.ജെ.പി. സർക്കാർ ശ്രമിക്കുന്നത്. മതാടിസ്ഥാനത്തിൽ ഭിന്നിപ്പിച്ച് മുന്നോട്ടുപോകാൻ മോദിക്ക് ആവില്ലെന്നും യെച്ചൂരി പറഞ്ഞു.

ചടങ്ങിൽ കെട്ടിട നിർമ്മാണ കമ്മിറ്റി ചെയർമാൻ കെ. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഓഫീസിനു സ്ഥലം വിട്ടു നൽകിയ എൻ.പി. അബ്ദുൾ ഖാദറെ സീതാറാം യെച്ചൂരി ഉപഹാരം നൽകി ആദരിച്ചു. സപ്ലിമെന്റ് പ്രകാശനം കെ.പി. സതീഷ് ചന്ദ്രനും മുസാഫർ അഹമ്മദിന്റെ ചിത്രം വരച്ചു നൽകിയ ഏറുംപുറം മുഹമ്മദിനെ എം. രാജ ഗോപാലൻ എം.എൽ.എയും ആദരിച്ചു. കെട്ടിടം രൂപകല്പന ചെയ്ത എൻജിനീയറെയും തൊഴിലാളികളെയും ടി.കെ. രവി ആദരിച്ചു. വി.കെ.രാജൻ ലൈബ്രറി പുസ്തകങ്ങൾ ഏറ്റുവാങ്ങി. ഓഫീസ് നിർമ്മാണ കമ്മിറ്റി കൺവീനർ പി.പി. മുഹമ്മദ് റാഫി സ്വാഗതവും കെ.വി. വേണു നന്ദിയും പറഞ്ഞു.