മട്ടന്നൂർ: മട്ടന്നൂർ നഗരത്തിൽ നിന്ന് സർവീസ് നടത്തുന്ന ഓട്ടോ ഡ്രൈവറെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഓട്ടോ തൊഴിലാളികൾ പണിമുടക്കി. ഇന്നലെ രാവിലെ 11 മുതൽ ഒന്നുവരെയാണ് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിലായിരുന്നു പണിമുടക്ക് നടത്തിയത്. കഴിഞ്ഞ ദിവസം രാത്രി മട്ടന്നൂർ ബസ് സ്റ്റാൻഡിന് സമീപം വച്ചായിരുന്നു സംഭവം.

ഓട്ടോറിക്ഷ ഡ്രൈവറും എസ്.ടി.യു അംഗവുമായ സഫ്വാനെ (30) യാണ് ഒരു സംഘം മർദ്ദിച്ചത്. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്തുന്ന സി.ടി. ആൻഡ് ടി. യുടെ ടാക്സി ഡ്രൈവർമാരാണ് മർദ്ദിച്ചതെന്ന് ഓട്ടോ ഡ്രൈവർമാർ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ഡ്രൈവർമാരെ മട്ടന്നൂർ പോലീസ് കസ്റ്റഡിയിലെടുത്തു. മർദ്ദനത്തിൽ പ്രതിഷേധിച്ചാണ് നഗരത്തിലെ ഓട്ടോ തൊഴിലാളികൾ പണിമുടക്കിയത്. പ്രകടനത്തിന് വി.എൻ.മുഹമ്മദ്, ടി.ദിനേശൻ, സജിത്ത്, ബാബു, എൻ. ശ്രീജിത്ത്, ബഷീർ എന്നിവർ നേതൃത്വം നൽകി.