കാസർകോട്: അടിസ്ഥാന സൗകര്യവികസനം ഏതെങ്കിലുമൊരു മേഖലയിൽ മാത്രം കേന്ദ്രീകരിക്കാതെ കിഫ്ബിയിലൂടെ എല്ലാ പ്രദേശങ്ങൾക്കും അർഹമായ പരിഗണന നൽകി സംസ്ഥാനമൊട്ടാകെ വികസന മുന്നേറ്റം നടത്താൻ സാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വികസനത്തിന്റെ ഫലങ്ങൾ എത്തുന്നില്ലെന്ന് മുൻകാലങ്ങളിൽ പരാതിയുയർന്നിരുന്ന മലബാർ മേഖലയിൽ വിശിഷ്യാ ഉത്തരമലബാറിൽ കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികളാണ് സർക്കാർ നടപ്പാക്കിയതെന്നും കിഫ്ബിയുടെ രൂപീകരണം ഇതിന് ഊർജം പകർന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിയുടെ കേരള നിർമിതിയെന്ന അടിസ്ഥാന സൗകര്യവികസന പദ്ധതികളുടെ ബോധവത്കരണ പരിപാടി കാസർകോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാളിതുവരെ കണ്ടിട്ടില്ലാത്ത വികസന മുന്നേറ്റത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്.

പത്ത് പതിനഞ്ച് വർഷം കൊണ്ട് പൂർത്തിയാകേണ്ടിയിരുന്ന വികസന പദ്ധതികളാണ് ഈ സർക്കാരിന്റെ കാലത്ത് സാദ്ധ്യമാവുന്നത്. വികസനമെന്നാൽ വമ്പൻ പദ്ധതികൾ മാത്രമല്ല. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതത്തെ ഗുണപരമായി മാറ്റുന്ന ഘടകങ്ങളെല്ലാം സർക്കാർ സംരംഭങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്. ട്രാൻസ് ഗ്രിഡ്, സെമി ഹൈപീഡ് റെയിൽപാത, തലശേരി മാഹി വഴി ബേക്കലിലേക്കുള്ള ഉൾനാടൻ ജലപാത, മലയോര, തീരദേശ പാത, കണ്ണൂർ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന റോഡുകൾ തുടങ്ങിയ വൻപദ്ധതികളോടൊപ്പം ഹൈടെക് സ്‌കൂളുകൾ, ആശുപത്രികൾ, ഡയാലിസിസ് സെന്ററുകൾ തുടങ്ങിയ സാമൂഹിക വികസനത്തിനുതകുന്ന പദ്ധതികളും ഫലപ്രദമായി നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.