മലയോര ഹൈവേ 115 കിലോമീറ്റർ

തീരദേശ ഹൈവേ 83 കിലോമീറ്റർ

കാസർകോട്: ജില്ലയിൽ 115 കിലോമീറ്റർ നീളത്തിൽ കടന്നു പോകുന്ന മലയോര ഹൈവേ ഈ വർഷം തന്നെ പൂർത്തിയാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുഞ്ചത്തൂരിൽ ആരംഭിച്ച് ജില്ലയിൽ 83 കിലോമീറ്ററിൽ കടന്നു പോവുന്ന തീരദേശ ഹൈവേ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കിയെന്നും ഈ വർഷം തന്നെ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിയുടെ കേരള നിർമിതിയെന്ന അടിസ്ഥാന സൗകര്യവികസന പദ്ധതികളുടെ ബോധവത്കരണ പരിപാടി കാസർകോട്ട് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യവികസനത്തിന് വളരെയേറെ പ്രാധാന്യമാണ് നൽകുന്നത്. ജില്ലയിൽ 246 സ്‌കൂളുകൾ ഹൈടെക്ക് ആയി ഉയർത്തുകയും 478 ഹൈടെക് ലാബുകൾ സജ്ജീകരിച്ചതായും അദ്ദേഹം പറഞ്ഞു. കിഫ്ബിയിലൂടെ സമയബന്ധിതമായ നടപ്പാക്കുന്ന പദ്ധതികളുടെ ഗുണനിലവാരത്തിൽ സർക്കാർ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവില്ല. ഇതിനുള്ള ഗുണനിലവാര പരിശോധന നടത്തി കർശനമായ നടപടികൾ സ്വീകരിക്കുമെന്നും സമഗ്രവികസനത്തിന് ഒന്നിച്ച് കൈകോർത്ത് മുന്നേറാമെന്നും അദ്ദേഹം പറഞ്ഞു.