കൂത്തുപറമ്പ്:രോഗബാധിതനായി ചികിത്സയിൽ കഴിയുന്ന മാങ്ങാട്ടിടം വട്ടിപ്രത്തെ സി.കെ.അഖിലിന് സ്വകാര്യ ബസ് ജീവനക്കാർ ചേർന്ന് സ്വരൂപിച്ച ചികിത്സാ സഹായം കൈമാറി. കണ്ണൂർ - കൂത്തുപറമ്പ് റൂട്ടിൽ സർവീസ് നടത്തുന്ന 30 ഓളം ബസ്സുകൾ കാരുണ്യ യാത്ര നടത്തിയാണ് അഖിലിന്റെ ചികിത്സക്കാവശ്യമായ പണം കണ്ടെത്തിയത്.
ഒരു ദിവസത്തെ കാരുണ്യ യാത്രയിലൂടെ അഞ്ചരലക്ഷത്തോളം രൂപയാണ് ബസ് ജീവനക്കാർ ചേർന്ന് സ്വരൂപിച്ചിരുന്നത്. ബസ് ജീവനക്കാരനായ വേങ്ങാട്ടെ ചിരുകണ്ടാത്ത് വീട്ടിൽ അനിൽകുമാറിന്റെ മകനായ അഖിൽ സെമിനോമാ ടെക്സിക്കുലർ എന്ന മാരകമായ കാൻസർ രോഗം ബാധിച്ചതിനെ തുടർന്നാണ് ചികിത്സയിൽ കഴിയുന്നത്.കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കണ്ണൂർ ഡിവൈ.എസ്.പി.പി.സി.സദാനന്ദൻ തുക കമ്മറ്റി ഭാരവാഹികളെ ഏൽപ്പിച്ചു. മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡന്റ് കെ.പ്രസീത അദ്ധ്യക്ഷത വഹിച്ചു. കൂത്തുപറമ്പ് സി.ഐ എം.പി. ആസാദ്, നെയ്യൻ ശ്രീധരൻ, സി.വി.പ്രീതൻ, വിജയൻ വട്ടിപ്രം ,ഒ.പ്രദീപൻ, കെ.പ്രജീഷ് തുടങ്ങിയവർ സംസാരിച്ചു.