കൂത്തുപറമ്പ്: നഗരസഭാ സ്റ്റേഡിയത്തിൽ നിന്നും നീക്കം ചെയ്യുന്ന മണ്ണ് സബ് ട്രഷറിയ്ക്കും ഫുഡ് സേഫ്റ്റി ഓഫീസിനും മുന്നിൽ കൂട്ടിയിട്ടത് സർവത്ര ദുരിതമായി. തീർത്തും അശാസ്ത്രീയമായി ഒരുക്കുന്ന മൺകൂനകൾ വാഹനപാർക്കിംഗിനെയും അവതാളത്തിലാക്കി.
സബ്ബ് ട്രഷറി പരിസരത്തെ വാഹന പാർക്കിംഗ് മണ്ണ് തള്ളലിനെ തുടർന്ന് തടസ്സപ്പെട്ടു.നഗരസഭാസ്റ്റേഡിയത്തിൽ പുല്ല് വച്ച് പിടിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൂറ്റൻ മൺകൂന രൂപപ്പെട്ടിട്ടുള്ളത്. കരാറുകാരും റവന്യു അധികൃതരും തമ്മിലുള്ള തർക്കത്തെ തുടർന്ന് മാസങ്ങളായി മണ്ണ് നീക്കം ചെയ്യാതെ സ്റ്റേഡിയത്തിന്റെ ഒരു ഭാഗത്ത് കൂട്ടിയിടുകയായിരുന്നു. ഒടുവിൽ ഉന്നത ഇടപെടലിനെ തുടർന്നാണ് ഇന്നലെ രാവിലെ മുതൽ ഇത് നീക്കാനുള്ള നടപടികളാരംഭിച്ചത്. നീക്കം ചെയ്ത മണ്ണ് മഴ പെയ്യുന്നതോടെ വീണ്ടും സ്റ്റേഡിയത്തിലേക്ക് തന്നെ ഒഴുകി എത്തുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
അതേ സമയം ബസ് സ്റ്റാൻഡിലേക്കുള്ള അപ്രോച്ച് റോഡിന് നൂറ് കണക്കിന് ലോഡ് മണ്ണ് ആവശ്യമാണ്. നീക്കം ചെയ്യുന്ന മണ്ണ് ഫലപ്രദമായി ഉപയോഗപ്പെടുത്താമെന്നിരിക്കെയാണ് അശാസ്ത്രിയമായി ഓഫീസുകൾക്ക് മുന്നിൽ കൂട്ടിയിടുന്നത്.