പാനൂർ: ശാന്തിയും വിശുദ്ധിയും നിറഞ്ഞുനിൽക്കുന്ന ഇടമാണ് ശാന്തിഗിരിയെന്ന് കെ.സുധാകരൻ എം.പി. പറഞ്ഞു. ഇന്നലെ വൈകുന്നേരം കണ്ണൂരിലെ വള്ള്യായി ശാന്തിഗിരി ആശ്രമത്തിൽ നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാന്തിഗിരി ആശ്രമം ഗുരുസ്ഥാനീയ അമൃതജ്ഞാന തപസ്വിനിയുടെ കണ്ണൂർ ആശ്രമത്തിലേക്കുള്ള തീർത്ഥയാത്രയോടനുബന്ധിച്ചാണ് സാംസ്‌ക്കാരിക സമ്മേളനം നടന്നത്. തികച്ചും ശാന്തതനിറഞ്ഞ അന്തരീക്ഷമാണ് വള്ള്യായിയിലെ ആശ്രമത്തിലെത്തിയപ്പോൾ അനുഭവപ്പെട്ടതെന്നും ആശ്രമത്തിലെ ദർശനമന്ദിരം കല്ലിൽ തീർത്ത ശില്പമാണെന്നും കെ. സുധാകരൻ പറഞ്ഞു. ഭൗതികതയുടെ പൂർത്തീകരണത്തിന് ആത്മീയതയുടെ സ്ഥാനം വളരെ വലുതാണ്. മനസ്സ് ശാന്തമാകണമെങ്കിൽ മാനവികതയും മതേതരത്വവും ഊട്ടി ഉറപ്പിക്കുന്ന ഇത്തരം ആത്മീയ ഇടങ്ങൾ ഉണ്ടാകേണ്ടതുണ്ട്. അദ്ദേഹം പറഞ്ഞു. യോഗത്തിൽ ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി അദ്ധ്യക്ഷനായിരുന്നു. കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കരുവാക്കണ്ടി ബാലൻ, മങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പ്രസീത, തലശ്ശേരി തഹസിൽദാർ ടി.കെ.മോഹനൻ, ഐ. എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി പി,ജനാർദ്ദനൻ, കെ.എസ്.യു ജില്ലാ പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് തുടങ്ങി നിരവധി പ്രമുഖർ സംസാരിച്ചു. രാവിലെ കുടുംബസംഗമം നടന്നു.
കണ്ണൂരിലെ വള്ള്യായി ശാന്തിഗിരി ആശ്രമത്തിൽ നടന്ന സാംസ്‌ക്കാരിക സമ്മേളനം കെ. സുധാകരൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു.