കണ്ണൂർ:കാട്ടാമ്പള്ളി പുഴയിൽ സ്ഥാപിച്ച അനധികൃത കുറ്റിവലകൾ ഫിഷറീസ് അധികൃതർ നീക്കം ചെയ്തു.
വർഷങ്ങളായി ഇവിടെ കുറ്റിവലകൾ സ്ഥാപിച്ച് ചെമ്മീൻ കുഞ്ഞുങ്ങളെയടക്കം പിടിക്കുന്നുണ്ട്. പ്രളയത്തിൽ വെള്ളം കയറിയതിനെ തുടർന്ന് ഒലിച്ചു പോയ കുറ്റി വലകൾ വീണ്ടും സ്ഥാപിച്ച് മത്സ്യ സമ്പത്ത് പാടെ വാരിയെടുക്കുകയായിരുന്നു ഇവിടെ.
. ആർക്കും കുറ്റി വല മീൻ പിടിത്തതിന് ലൈസൻസും ലഭിച്ചിട്ടില്ല. അനധികൃത കുറ്റിവല മീൻപിടിത്തം ഫിഷറീസ് അധികൃതർക്ക് തലവേദനയായതോടെയാണ് ഇന്നലെ രാവിലെ എട്ടോടെ പൊലീസ് സഹായത്തോടെ വലകൾ നീക്കം ചെയ്തത്.കോടതി നിർദ്ദേശ പ്രകാരം കുറ്റിവലകൾ നീക്കം ചെയ്യാനെത്തിയ അധികൃതരെ തടയാൻ എത്തിയ സംഘത്തെ വളപട്ടണം എസ്.ഐ വിജേഷും സംഘവും മുൻകരുതലായി അറസ്റ്റ് ചെയ്തു. കാട്ടാമ്പള്ളി പുഴയോരത്ത് നിന്ന് സമീപവാസികളായ അബ്ദുൾ ഖഫൂർ(48), അബ്ദുള്ള(58), അബ്ദുൾ സലാം(52), വസന്തകുമാർ(61), പുഷ്പാംഗദൻ(41), ശിവദാസ്(55), സുനിൽകുമാർ(46) എന്നിവരെയാണ് പിടികൂടിയത്. ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം ഫിഷറീസ്, റവന്യു വകുപ്പുകൾ സംയുക്തമായാണ് കുറ്റിവലകൾ നീക്കം ചെയ്യാനെത്തിയത്.
മീൻകുഞ്ഞുങ്ങളെ അരിച്ചെടുത്ത് കൂട്ടത്തോടെ നശിപ്പിക്കുന്നതോടെയാണ് ഹൈക്കോടതി ഇടപെട്ടത്. നിലവിൽ കേരളത്തിലെവിടെയും കുറ്റിവല മീൻപിടിത്തത്തിന് പുതുതായി അനുമതി നൽകുന്നില്ല.മുമ്പ് അനുമതി ലഭിച്ചവർക്ക് ലൈസൻസ് പുതുക്കി നൽകുക മാത്രാമാണ് ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് കരാർ അടിസ്ഥാനത്തിൽ കുറ്റിവല ഉപയോഗിച്ച് ഇവിടെ മീൻ പിടിത്തം വീണ്ടും തുടങ്ങിയത്. കാട്ടാമ്പള്ളി പുഴയിൽ അണക്കെട്ടിനോട് ചേർന്ന ഭാഗങ്ങളിലും പരിസര പ്രദേശങ്ങളിലുമാണ് അനധികൃത കുറ്റിവല മീൻ പിടിത്തം തകൃതിയായി നടന്നിരുന്നത്. മീൻ കുഞ്ഞുങ്ങളെയടക്കം കൂട്ടത്തോടെ വാരിയെടുക്കുന്ന രീതിയാണ് കുറ്റിവല മീൻ പിടിത്തം.
ഇല്ലാതാകുന്നത് വൻ മത്സ്യസമ്പത്ത്
അറ്റത്തിന് വ്യാസവും കള്ളി അകലവും കുറഞ്ഞ വല ഉപയോഗിക്കുന്നതിനാൽ മത്സ്യക്കുഞ്ഞുങ്ങൾ പാടെ ഇതിൽ വന്ന് പെടും.വളത്തിനും മറ്റുമാണ് മീൻ പിടിത്തക്കാർ ഈ മത്സ്യങ്ങളെ കൂടുതലായും ഉപയോഗിക്കുന്നത്.
ജില്ലയിലെ വിവിധ പുഴകളിൽ സ്ഥാപിച്ച കുറ്റിവലകൾ നീക്കം ചെയ്യാൻ അധികൃതർ തീരുമാനിച്ചിരുന്നുവെങ്കിലും കാലവർഷം കനത്തതിനെ തുടർന്ന് കാലതാമസം നേരിടുകയായിരുന്നു. മഴ കുറയുകയും പുഴകളിൽ വെള്ളം ഇറങ്ങുകയും ചെയ്തതോടെ അധികൃതരുടെ കണ്ണ് വെട്ടിച്ച് കുറ്റിവല മീൻ പിടിത്തം വീണ്ടും വ്യാപകമായത്.അധികൃതർ ഈ ഭാഗങ്ങളിൽ നിരീക്ഷണം നടത്തി വരികയായിരുന്നു.