തൃക്കരിപ്പൂർ: ഇളമ്പച്ചി തിരുവമ്പാടി ക്ഷേത്രം കൊടിയേറ്റ മഹോത്സവം ഇന്നു മുതൽ ഫെബ്രുവരി ആറുവരെ നടക്കും. വിവിധ അധ്യാത്മിക, കലാ, സാംസ്‌കാരിക പരിപാടികളോടെ സംഘടിപ്പിക്കുന്ന മഹോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകസമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഫെബ്രുവരി ഒന്നിന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. സാംസ്‌കാരിക സമ്മേളനം ഉദഘാടനം ചെയ്യും. എം. രാജഗോപാലൻ എം.എൽ.എ. മുഖ്യാതിഥിയായിരിക്കും. ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ പദ്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് അനുഗ്രഹപ്രഭാഷണം നടത്തും. പുതുതായി നിർമ്മിച്ച അരയാൽത്തറ സമർപ്പണവും നടക്കും. 18 വർഷങ്ങൾക്കു ശേഷം കഴിഞ്ഞ വർഷമാണ് ധ്വജപ്രതിഷ്ഠാ നവീകരണ കലശ കൊടിയേറ്റ മഹോത്സവം നടത്തിയത്.
വാർത്താസമ്മേളനത്തിൽ കെ.വി. ഗോപാലൻ, പി.പി. കുമാരൻ, പി.സി. രാധാകൃഷ്ണൻ, കെ.പി. ദിനേശൻ, എം. ഗോപിനാഥൻ, കെ.വി. രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.