കണ്ണൂർ: ബീച്ച് ഗെയിംസിന്റെ സംസ്ഥാനതല മത്സരങ്ങൾക്ക് ശനിയാഴ്ച പയ്യാമ്പലത്ത് തുടക്കമാകും. ഉദ്ഘാടനം വ്യവസായ കായിക വകുപ്പ് മന്ത്രി ഇ പി ജയരാജൻ നിർവഹിക്കുമെന്ന് സ്‌പോർട്‌സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ കെ പവിത്രൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു, . ശനിയാഴ്ച വൈകിട്ട് ആറ് മണിക്ക് നടക്കുന്ന ചടങ്ങിൽ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അദ്ധ്യക്ഷത വഹിക്കും. ഫെബ്രുവരി ഒന്ന്, രണ്ട് ദിവസങ്ങളിലായി വോളിബാൾ മത്സരങ്ങളാണ് ജില്ലയിൽ നടക്കുന്നത്. കോഴിക്കോട് (കമ്പവലി), ആലപ്പുഴ (കബഡി), തിരുവനന്തപുരം (ഫുട്‌ബാൾ) ജില്ലകളിലായി സംസ്ഥാനതല മത്സരങ്ങളും അരങ്ങേറും.
ജില്ലാതല മത്സരങ്ങൾ ഇതിനോടകം പൂർത്തിയായി. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് വോളിബാൾ മത്സരങ്ങൾ തുടങ്ങും. 400 കായിക താരങ്ങൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. പയ്യാമ്പലം ബീച്ചിൽ പ്രത്യേകം സജ്ജമാക്കുന്ന രണ്ട് ഫ്‌ളഡ് ലൈറ്റ് കോർട്ടുകളിലാണ് മത്സരം നടക്കുന്നത്. 12 മത്സരങ്ങൾ വീതമാണ് രണ്ടു ദിവസങ്ങളിലായി നടക്കുക. 50,000, 30,000, 20,000 എന്നിങ്ങനെയാണ് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തുന്നവർക്ക് ലഭിക്കുന്ന സമ്മാനത്തുക.
കമ്പവലി, ഫുട്‌ബാൾ മത്സരങ്ങളിൽ ജില്ലയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ ടീമുകൾ മാറ്റുരയ്‌ക്കും.
ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ.. കെ പത്മനാഭൻ, സ്‌പോർട്‌സ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് ധീരജ് കുമാർ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പി പി വിനീഷ്, സെക്രട്ടറി എം എ നിക്കോളാസ് തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.