തളിപ്പറമ്പ്:നെല്ല്, പച്ചക്കറികൾ, ഉഴുന്ന്, പയർ, മുതിര തുടങ്ങിയ വിളകളാൽ സമൃദ്ധമായ കുറുമാത്തൂർ ഗ്രാമ പഞ്ചായത്തിലെ യോഗ്യമായ മുഴുവൻ കൃഷിഭൂമിയിലും സമീപഭാവിയിൽ കിഴങ്ങ് വർഗ്ഗങ്ങൾ വിളയും. തരിശുരഹിത കൂറുമാത്തൂർ പദ്ധതിയുടെ ഭാഗമായി കാർഷിക മേഖലയിൽ പുതിയ കാൽവെപ്പിനൊരുങ്ങുകയാണ് കുറുമാത്തൂർ പഞ്ചായത്ത് ഭരണസമിതിയും ജനങ്ങളും.
ജീവനി പദ്ധതിയുടെ ഭാഗമായി കൃഷിയോഗ്യമായ മുഴുവൻ ഭൂമിയും കൃഷി ചെയ്യുക എന്ന ലക്ഷ്യത്തോടെ കിഴങ്ങ് ഗ്രാമം പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. ഇതിനോടകം പച്ചക്കറി ഉൽപാദനത്തിൽ കൂറുമാത്തൂരിനെ മിച്ച പഞ്ചായത്തായി പ്രഖ്യാപിച്ചതാണ്. പുതുതായി 150 ഏക്കർ സ്ഥലത്ത് കുടി കിഴങ്ങ് വർഗ്ഗ വിളകൾ കൃഷി ചെയ്യാൻ ജീവനി പദ്ധതി ലക്ഷ്യമിടുന്നു. ജനകീയാസൂത്രണവും കൃഷി വകുപ്പ് പദ്ധതിയും സംയോജിപ്പിച്ചാണ് 'കിഴങ്ങ് ഗ്രാമം' യാഥാർത്ഥ്യമാക്കുന്നത്.
'കിഴങ്ങ് ഗ്രാമം' പദ്ധതി ജെയിംസ് മാത്യു എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഐ. വി. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ സുജ കാരാട്ട് പദ്ധതി വിശദികരിച്ചു. കെ.വി.കെ ഫാം മാനേജർ കെ. വി. ഷഹനാസ് ക്ലാസ്സെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ .ജാനകി, പി .രാജീവൻ, കാനായി രാജൻ, എം .പി. വിനോദ് കുമാർ, പി .പി. സുകുമാരൻ, സി .എം. സവിത, കെ.വി .രാജീവൻ എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ രാമകൃഷണൻ മാവില വീട് സ്വാഗതവും എം. വി. വീണ നന്ദിയും പറഞ്ഞു.