ചെറുവത്തൂർ: തെക്കെക്കാട് ശ്രീ മുത്തപ്പൻ മടപ്പുര നിർമ്മാണ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിർമ്മിച്ച മുത്തപ്പൻ മടപ്പുരയുടെ പ്രതിഷ്ഠാകർമ്മവും തിരുവപ്പന മഹോത്സവവും ഫെബ്രുവരി 27 മുതൽ മാർച്ച് 1 വരെയായി സംഘടിപ്പിക്കും. പടന്ന പഞ്ചായത്തിലെ ആദ്യ മടപ്പുരയുടെ മഹോത്സവത്തിന്റെ സംഘാടക സമിതി യോഗം നാട്ടുകാരുടെ സാന്നിദ്ധ്യത്തിൽ നടന്നു.
തെക്കെക്കാട് ബണ്ട് പരിസരത്ത് നടന്ന യോഗനടപടികൾ മലബാർ ദേവസ്വം ബോർഡ് ഉത്തരമേഖലാ ചെയർമാൻ ഡോ. സി.കെ. നാരായണപണിക്കർ ഉദ്ഘാടനം ചെയ്തു. മടപ്പുര പ്രസിഡന്റ് പി. രമേശൻ അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് റെയിൽവെ മുത്തപ്പൻ ക്ഷേത്രം രവീന്ദ്രൻ മടയനച്ഛൻ അനുഗ്രഹ പ്രഭാഷണം നടത്തി. വലിയപറമ്പ പഞ്ചായത്ത് പ്രസിഡന്റ് എം.ടി. അബ്ദുൾ ജബ്ബാർ, കെ.വി.രാമനിൽ നിന്ന് തുക ഏറ്റുവാങ്ങി ഫണ്ടു സമാഹരണം ഉദ്ഘാടനം ചെയ്തു. മടപ്പുര രക്ഷാധികാരി കെ.വി. അമ്പുകുഞ്ഞി സമ്മാനകൂപ്പൺ വിതരണം ഉദ്ഘാടനം ചെയ്തു. വി. സോമൻ പണിക്കർ കൂപ്പൺ ഏറ്റുവാങ്ങി.
മടപ്പുര രക്ഷാധികാരി കെ.എൻ. വാസുദേവൻ നായർ സ്വാഗതവും സെക്രട്ടറി സി.വി. ഭരതൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി കെ.എൻ. വാസുദേവൻ നായർ (ചെയർമാൻ), രാജീവൻ രാമപുരത്ത് (വർക്കിംഗ് ചെയർമാൻ), പി.പി രവി (ജനറൽ കൺവീനർ), കെ.വി രാജൻ (കൺവീനർ) എം.വി കുഞ്ഞിക്കോരൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.