തൃക്കരിപ്പൂർ: കാർഷിക സംസ്‌കാരത്തെ തിരികെപ്പിടിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിന് ആവിഷ്‌കരിച്ച പാഠം ഒന്ന് പാടത്തേക്ക് പദ്ധതിയുടെ ഭാഗമായി സൗത്ത് തൃക്കരിപ്പൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ കുട്ടികൾ ഇളമ്പച്ചി മുച്ചിലോട്ട് വയലിൽ നടത്തിയ നെൽകൃഷി വിളവെടുത്തു.

വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് 3 മാസം മുമ്പാണ് മുച്ചിലോട്ട് വയലിൽ വിത്തിറക്കിയത്. ജൈവവളങ്ങളും പരിപാലന രീതിയും ഉപയോഗിച്ച് നടത്തിയ കൃഷിയിൽ നൂറുമേനി വിളവും ലഭിച്ചു. കൊയ്ത്തുത്സവം പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിലെ ഗവേഷക ഡോ. കെ വനജ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ. രഘുനാഥൻ അധ്യക്ഷനായി. തൃക്കരിപ്പൂർ പഞ്ചായത്ത് മെമ്പർ ടി.വി വിനോദ് കുമാർ, ടി.വി കുഞ്ഞികൃഷ്ണൻ, കൃഷി ഓഫീസർ അരവിന്ദൻ കൊട്ടാരത്തിൽ, ഹെഡ്മിസ്ട്രസ് പി. ലീന, പി. കൃഷ്ണൻ, കെ. അരവിന്ദൻ, ടി.വി ഹരീഷ്, വി. മിഥുൻ, എം. ദിവാകരൻ എന്നിവർ സംസാരിച്ചു. മുതിർന്ന കർഷക തൊഴിലാളി മാണിയമ്മയെ ആദരിച്ചു.