കണ്ണൂർ: പ്രതിപക്ഷ കൗൺസിലർമാരുടെ ഡിവിഷനുകളിൽ വികസന പ്രവർത്തനങ്ങൾ മുരടിപ്പിക്കുന്നുവെന്ന ആക്ഷേപത്തെ തുടർന്ന് കോർപറേഷൻ പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത അടിയന്തര കൗൺസിൽ യോഗം ബഹളത്തിൽ മുങ്ങി.ഭരണ പ്രതിപക്ഷാംഗങ്ങളുടെ വാക്കുതർക്കവും മേയറെ ഉപരോധിക്കലും ഹാജർ പട്ടിക പരിശോധിക്കാനുള്ള മേയറുടെ തീരുമാനത്തിനെതിരെ ജീവനക്കാരുടെ പ്രതിഷേധവുമെല്ലാം കൂടി തീർത്തും സംഭവബഹുലമായിരുന്നു കോർപറേഷൻ കൗൺസിൽ യോഗം.
തങ്ങളുടെ ഡിവിഷനുകൾ അവഗണിക്കപ്പെടുന്നത് സംബന്ധിച്ച് യോഗം തുടങ്ങുന്നതിന് മുമ്പ് തന്നെ
പ്രതിപക്ഷാംഗങ്ങൾ മേയർ സുമാ ബാലകൃഷ്ണന്റെ ചേംബറിലെത്തി പരാതിപ്പെടുകയായിരുന്നു.എന്നാൽ ഇതിന് ചെവി കൊടുക്കാതിരുന്നപ്പോൾ അംഗങ്ങൾ മേയറെ ഉപരോധിച്ചു. മറ്റൊരു വാതിലിലൂടെ കൗൺസിൽ ഹാളിലെത്തിയ മേയറെ തടയാൻ പ്രതിപക്ഷാംഗങ്ങൾ ഡയസിലേക്ക് നീങ്ങിയപ്പോൾ ഭരണപക്ഷവും ഇറങ്ങി. ഇരുവിഭാഗവും തമ്മിൽ ഇതോടെ വാക്കു തർക്കമായി.
ഇതിനിടെയാണ് യോഗത്തിൽ സംബന്ധിക്കേണ്ട ചില ജീവനക്കാരുടെ അഭാവം പ്രകടമായത്. ഇതോടെ ജീവനക്കാരുടെ ഹാജർ പട്ടിക പരിശോധിക്കാൻ മേയർ ആവശ്യപ്പെട്ടു. ഈ സമയത്ത് ജീവനക്കാർ സംഘടിച്ചെത്തിയതോടെ വാക്കുതർക്കം രൂക്ഷമായി. എൽ.ഡി.എഫ് ജീവനക്കാരുടെ സംഘടനയുടെ കാമ്പയിനുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു ഇവരിൽ പലരും.
പരാതിയിൽ പരിഹാരം കണ്ടെത്താൻ അടുത്ത ദിവസം ചർച്ച നടത്താമെന്ന മേയറുടെ ഉറപ്പിലാണ് പ്രതിപക്ഷ കൗൺസിലർമാർ പ്രതിഷേധം അവസാനിപ്പിച്ചത്. നടപ്പ് സാമ്പത്തിക വർഷം അവസാനിക്കുന്നതിനാൽ പദ്ധതികൾ അടിയന്തരമായി പൂർത്തിയാക്കേണ്ടതിനാലാണ് മേയർ പ്രത്യേക കൗൺസിൽ യോഗം വിളിച്ചു ചേർത്തത്.
യോഗത്തിൽ മേയർ സുമാബാലകൃഷ്ൺ അദ്ധ്യക്ഷത വഹിച്ചു. ടി.ഒ മോഹനൻ, സി. സമീർ, എം.പി മുഹമ്മദലി, സി. എറമുല്ലാൻ, വെള്ളോറ രാജൻ, എൻ.കെ.ബാലകൃഷ്ണൻ, രഞ്ചിത്ത് താളിക്കാവ്, പി. ഇന്ദിര എന്നിവർ സംബന്ധിച്ചു
പ്രതിപക്ഷത്തെ നിരന്തരം അവഗണിക്കുന്നതിനാലാണ് മേയറെ ഉപരോധിച്ചത്-പ്രതിപക്ഷ കൗൺസിലർമാർ
ജനനി ആശുപത്രിയിക്ക് 30 സെന്റ്
ഹോമിയോ ചികിത്സയുമായി ബന്ധപ്പെട്ട് നടത്തുന്ന വന്ധ്യതാ ചികിത്സയ്ക്കായി കൂടുതൽ സൗകര്യമൊരുക്കുന്നതിനു കോർപറേഷൻ പരിധിയിൽപ്പെട്ട എളയാവൂർ സോണലിൽ കോർപറേഷന്റെ 30 സെന്റ് ഭൂമി അനുവദിക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു. കെ. സുധാകരൻ എം.പിയും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും പ്രത്യേക താൽപര്യമെടുത്ത് നൽകിയ അപേക്ഷ പരിഗണിച്ചാണ് എളയാവൂരിൽ ജനനി ആശുപത്രിക്ക് ഭൂമി അനുവദിക്കാൻ തീരുമാനിച്ചത്.