പരിയാരം: കടയുടെ പൂട്ടുപൊളിക്കുന്നതിനിടയിൽ മൂന്നു മോഷ്ടാക്കൾ പൊലീസിന്റെ വലയിൽ കുടുങ്ങി. പിലാത്തറ മണ്ടൂരിലാണ് മോഷ്ടാക്കൾ പരിയാരം പൊലീസ് സ്റ്റേഷനിലെ നൈറ്റ് പട്രോളിംഗ് സംഘത്തിന്റെ പിടിയിലായത്.
മാട്ടൂലിലെ മർഷാദ് (21), മാട്ടൂൽ സെന്ററിലെ പി. സഹദ് (22) എന്നിവരും പഞ്ചായത്ത് ഓഫീസിനു സമീപത്തെ 17 കാരനെയുമാണ് അറസ്റ്റുചെയ്തത്.
ഇന്നലെ പുലർച്ചെ മൂന്നോടെ പട്രോളിംഗ് നടത്തുകയായിരുന്ന എ.എസ്.ഐ സി.ജി. സാംസണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ചെറുതാഴം മണ്ടൂരിലെ മുക്കോലകത്ത് അബ്ദുള്ളയുടെ ജനറൽ സ്റ്റോറിന്റെ ഷട്ടറിന്റെ പൂട്ട് പൊളിക്കുന്നതു കണ്ടത്.
പൊലീസിനെ കണ്ടതോടെ മൂവർ സംഘം ബൈക്കിൽ രക്ഷപ്പെട്ടു. ഇവരെ പിന്തുടർന്ന പൊലീസ് ഒരു കിലോമീറ്ററോളം അകലെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന ഇവരെ സാഹസികമായി പിടികൂടുകയായിരുന്നു. ഷട്ടർ തകർക്കാനുപയോഗിച്ച സാധനങ്ങളും ഇവർ രക്ഷപ്പെട്ട ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഹോംഗാർഡ് രവി, ഡ്രൈവർ രാമചന്ദ്രൻ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.