കണ്ണൂർ: മുളയുടെ അടിയിൽ നിന്നും മുറിച്ചെടുത്ത് ചെത്തി ഉണക്കിയെടുക്കുന്ന മുളങ്കാമ്പ് കൊണ്ട് രുചിയേറും ഉപ്പേരി. പച്ചയ്ക്കും വേവിച്ചും കഴിക്കാവുന്ന നൂറക്കിഴങ്ങ്, വായിൽ വഴങ്ങാത്ത കടമുടിങ്ങ ഉപ്പേരി.... ഗദ്ദികയുടെ ബരമറെയിൽ രുചിയുടെ വൈവിധ്യം തീർത്ത് വെട്ടക്കുറുമ സമുദായത്തിന്റെ ഭക്ഷണ രീതികളുടെ തത്സമയ അവതരണം വേറിട്ടതായി.
കാട്ടുകനികളും വനവിഭവങ്ങളും മാത്രം കഴിക്കുന്ന, കലർപ്പില്ലാത്ത തങ്ങളുടെ വംശീയ ഭക്ഷണത്തിലൂടെ വെട്ടക്കുറുമ സമുദായം പരിചയപ്പെടുത്തിയത് തങ്ങളുടെ ജീവിത രീതികളും രുചികളും മാത്രമല്ല, കാടിനോടും മലകളോടും കൂട്ടുകൂടി ജീവിക്കുന്ന ഒരു ജനവിഭാഗത്തിന്റെ സംസ്‌കാരം കൂടിയാണ്. ആരോഗ്യവാന്മാരായിക്കാൻ പ്രകൃതി വിഭവങ്ങളെ എങ്ങനെ ഉപയോഗിക്കാമെന്ന് വയനാട്ടിലെ രാജനും സംഘവും ഒരുമണിക്കൂർ കൊണ്ട് കാട്ടിത്തന്നു.
വയനാട്ടിലെ നായ്ക്കട്ടിയിലെ പിലാക്കാവ് സങ്കേതത്തിലെ വെട്ടക്കുറുമ സമുദായക്കാർ മലകളെ ആശ്രയിച്ച് കഴിയുന്നവരാണ്. തമിഴ്‌നാട്, കേരളം, കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളുടെയും അതിർത്തി പങ്കിടുന്ന മുത്തങ്ങയിലാണ് ഈ വിഭാഗക്കാർ കൂടുതലായും ഉള്ളത്.
സവിശേഷമായ ഇലക്കറികളും കിഴങ്ങുവർഗങ്ങളും അവ കൊണ്ടുള്ള ഭക്ഷ്യവിഭവങ്ങളമാണ് ഇവർ പരിചയപ്പെടുത്തിയത്. പൊന്നാങ്കണ്ണി, ചുരുളി ഇല, വെള്ളച്ചീര തുടങ്ങിയ ഇലക്കറികൾ കൊണ്ടുള്ള ഉപ്പേരി, കാച്ചിൽ, ചേമ്പ് പുഴുക്കുകൾ, കെല്ലിച്ചേമ്പ് കറി തുടങ്ങിയവ രുചിക്കാനും മേളയിൽ അവസരമൊരുക്കി. കൂടാതെ പായ്പ്പുല്ലുപായ, മാനിപ്പുല്ലുകൊണ്ട് പൂക്കൂട, കൈ കൊണ്ടുണ്ടാക്കിയ മൺപാത്രം തുടങ്ങിയ കരകൗശല ഉത്പന്നങ്ങളും ഇവിടെ പ്രദർശനത്തിലുണ്ട്. വെട്ടക്കുറുമരുടെ രുചിയറിവുകൾ തത്സമയ അവതരണം ജില്ലാ പഞ്ചായത്ത് സിക്രട്ടറി വി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ.കെ. ഷാജു, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ ശ്രീജേഷ്, ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസർ ജാക്വിലിൻ ഷൈനി ഫെർണാണ്ടസ്, കിർത്താഡ്‌സ് റിസർച്ച് ഓഫീസർ സന്ധ്യ ശേഖർ തുടങ്ങിയവർ പങ്കെടുത്തു. ബരമറെയിൽ എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ വിവിധ ഗോത്രവർഗ ഭക്ഷണങ്ങൾ പരിചയപ്പെടുത്തും.
ബരമറെ
തേൻ കൂടുകൾ നിറഞ്ഞ വലിയ വൃക്ഷത്തിന് കാട്ടുനായ്ക്കൻ ഭാഷയിൽ പറയുന്ന പദമാണ് ബരമറെ. ഗദ്ദികയിൽ ഗോത്ര ജനതയുടെ രുചിയറിവുകൾ തത്സമയം പരിചയപ്പെടുത്തുന്ന വിഭാഗമാണ് ബരമറെ.