കൂത്തുപറമ്പ്: എഴുപതാണ്ട് പഴക്കമുണ്ട് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിക്ക്. ചരിത്രത്തിൽ ഇതുവരെ ലഭിക്കാത്ത ഫണ്ടാണ് ആരോഗ്യമന്ത്രിയുടെ നാട്ടിലെ ഈ ആശുപത്രിയ്ക്ക് നീക്കിക്കിട്ടിയിരിക്കുന്നത്. കിഫ്ബി, നബാർഡ്, ദേശീയ ആരോഗ്യ മിഷ്യൻ, ബി.പി.സി.എൽ എന്നിവയിൽ നിന്നായി 66 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കാണ് ഇവിടെ തുടക്കമിട്ടിരിക്കുന്നത്.
ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ നടപ്പിലാക്കുന്ന പദ്ധതികളോടൊപ്പം, പൊതുമേഖലാ സ്ഥാപനങ്ങളുടെ പൊതുനന്മാഫണ്ട് ഉപയോഗപ്പെടുത്തിയുള്ള പദ്ധതികളും ഈ സർക്കാർ ആശുപത്രിയുടെ കുതിപ്പിന് മുതൽകൂട്ടായി.
രണ്ട് വർഷം മുൻപ് ഡയാലിസ് സെന്റർ പ്രവർത്തനം തുടങ്ങിയതോടുകൂടിയാണ് എണ്ണപ്പെട്ട ആശുപത്രിയായി കൂത്തുപറമ്പ് താലൂക്ക് ആശുപത്രി മാറുന്നത്. ഡയാലിസിന് വിധേയരാകുന്നവരുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ രണ്ട് ഷിഫ്റ്റായാണ് ഇപ്പോൾ സെന്ററിന്റെ പ്രവർത്തനം . സർക്കാർ സഹായത്തോടൊപ്പം നഗരസഭയും നാട്ടുകാരും കൈകോർത്താണ് ഇത് മുന്നോട്ടുപോകുന്നത്. ആധുനിക സംവിധാനത്തോട് കൂടിയുള്ള അത്യാഹിത വിഭാഗവും ഇവിടെ സജ്ജമാക്കി. ഇതോടെ മലയോര മേഖലയിൽ നിന്നടക്കം ആശുപത്രി സേവനം ഉപയോഗപ്പെടുതുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായെന്ന് അധികൃതർ സാക്ഷ്യപ്പെടുത്തുന്നു.
ആധുനിക രീതിയിലുള്ള എ.സി.ആർ ലാബാണ് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയുടെ പ്രത്യേകത.നവീകരിച്ച ഒ പി വിഭാഗം, ഫാർമസി, എന്നിവയും സ്വകാര്യ സ്ഥാപനങ്ങളോട് കിടപിടിക്കും. ഒപി, ഐ.പി വിഭാഗങ്ങളിൽ ഇതോടെ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ആശുപത്രിയുടെ പ്രൗഡി വിളിച്ചോതുന്ന നിലയിലുള്ള പ്രവേശന കവാടവും അടുത്ത കാലത്തായി സജ്ജീകരിച്ചിട്ടുണ്ട്.
ബി.പി.സി.എല്ലിന്റെ പൊതുനന്മാ ഫണ്ട് ഉപയോഗിച്ചുള്ള ഒരു കോടിയോളം രൂപയുടെ വികസന പ്രവൃത്തികളാണ് ആദ്യഘട്ടത്തിൽ പൂർത്തിയായത്.അതോടൊപ്പം ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കൂടുതൽ വാർഡുകൾ സജ്ജീകരിക്കുകയും ചികിത്സാസൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി പന്ത്രണ്ട് നിലകളിലുള്ള കെട്ടിടമാണ് ആശുപത്രിയോടനുബന്ധിച്ച്പണിയുന്നത്.13 കോടിയോളം രൂപ ചിലവിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. പഴയ കാഷ്യാലിറ്റി ബ്‌ളോക്ക് നിലനിർത്തിയാണ് ബഹുനില മന്ദിരം നിർമ്മിക്കുന്നത്.
വികസനത്തിന് 66 കോടി
കിഫ്ബി, നബാർഡ്, ദേശീയ ആരോഗ്യ മിഷ്യൻ, ബി.പി.സി.എൽ ഫണ്ട്
1 കോടി ചിലവിൽ
ഡയാലിസിസ് സെന്റർ രണ്ട് ഷിഫ്റ്റ്
ആധൂനിക കാഷ്വാലിറ്റി
എ.സി.ആർ ലാബ്
നവീകരിച്ച ഒ. പി വിഭാഗം,
ഫാർമസി
പ്രവേശനകവാടം
വരുന്നു
12 നില കെട്ടിടം
13 കോടി ചിലവ്
ട്രോമാകെയർ,
ഓപ്പറേഷൻ തിയേറ്റർ എന്നിവയും
ശീതീകരണ സംവിധാനമുള്ള പോസ്റ്റ്‌മോർട്ടം റും
പാർക്കിംഗ് വിപുലീകരണം