കണ്ണൂർ: കേരളത്തിൽ മാവോയിസ്റ്റ് സാന്നിദ്ധ്യം വർദ്ധിച്ചുവരുന്നത് കണക്കിലെടുത്ത് സർക്കാർ പുതിയ തന്ത്രങ്ങളുമായി രംഗത്ത്. ഏഴ് മാവോയിസ്റ്റുകൾ വെടിയേറ്റു മരിച്ചെങ്കിലും സംസ്ഥാനത്ത് ലഘുലേഖ വിതരണവും മറ്റു പ്രവർത്തനങ്ങളുമായി അവർ മുന്നോട്ടു പോവുകയാണെന്ന് സംസ്ഥാന ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മാവോയിസ്റ്റുകളെ നേരിടുന്നതിനെ കുറിച്ച് ആലോചിക്കാൻ ഇന്ന് വയനാട്ടിൽ ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തിൽ യോഗം ചേരും. ആഭ്യന്തര സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാർ, ഡി..ജി..പി തുടങ്ങിയവർ പങ്കെടുക്കുന്ന യോഗത്തിൽ മാവോയിസ്റ്റുകൾക്ക് കീഴടങ്ങൽ പാക്കേജ് തയാറാക്കും. കീഴടങ്ങുന്ന മാവോയിസ്റ്റുകൾക്ക് പുനരധിവാസം ,തൊഴിൽ ഉൾപ്പടെയുള്ള കാര്യങ്ങൾ യോഗം ചർച്ച ചെയ്യും.
മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഏതാനും ദിവസം മുമ്പ് മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് മാവോയിസ്റ്റ് സാന്നിദ്ധ്യം കണ്ടുവരുന്നത്.
വനപ്രദേശങ്ങളിൽ ഒളിവിൽ കഴിഞ്ഞ് പ്രവർത്തനം നടത്തുന്നവർക്കു പുറമേ പീപ്പിൾസ് ഗറില്ല, ആർമി, പീപ്പിൾസ്, മിലിഷ്യ തുടങ്ങിയ പേരിലുള്ള സംഘങ്ങൾക്കും വേരുള്ളതായി പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇടയ്‌ക്കിടെ സാന്നിദ്ധ്യമറിയിച്ചിരുന്ന മാവോ ഗ്രൂപ്പുകൾ തങ്ങളുടെ സ്വാധീനം അറിയിക്കുന്നതിനുള്ള ബോധപൂർവമായ ശ്രമമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നതെന്നും പൊലീസ് കരുതുന്നു.
തോട്ടം മേഖലയിൽ പിടിമുറുക്കുന്നു
ആദിവാസി കോളനികൾക്ക് പിന്നാലെ കേരളത്തിലെ തോട്ടം മേഖലയിലും മാവോയിസ്റ്റ് സംഘടനകൾ പിടിമുറുക്കിയതും ആഭ്യന്തര വകുപ്പ് ഗൗരവത്തോടെ കാണുന്നു.ആദിവാസി കോളനികളിലെ പ്രവർത്തനം ഫലപ്രദമല്ലെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് തോട്ടം മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കബനി, നാടുകാണി ദളങ്ങളാണ് വയനാട്ടിലെ തേയിലത്തോട്ടം മേഖലയിൽ പ്രചാരണ പ്രവർത്തനം ഊർജിതമാക്കാൻ ഒരുങ്ങുന്നത്. തൊഴിലാളികളുടെ അരക്ഷിതാവസ്ഥ മുതലെടുത്ത് മവോയിസ്റ്റുകൾ പ്രവർത്തന മണ്ഡലം തോട്ടം മേഖലയിലേക്ക് മാറ്റാനുള്ള സാധ്യത സംബന്ധിച്ച് മുമ്പും കേന്ദ്രസംസ്ഥാന ഇന്റലിജൻസ് വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു.