തൃക്കരിപ്പൂർ: ഉദിനൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, പടന്ന പ്രാഥമികാരോഗ്യകേന്ദ്രം ആർദ്രം ജനകീയ കാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തിൽ ലഹരി വിരുദ്ധ സൈക്കിൾ റാലി സംഘടിപ്പിച്ചു. റാലി പ്രഥമാധ്യാപിക കെ.വി. ഇന്ദിര ഫ്ളാഗ് ഓഫ് ചെയ്തു. കിനാത്തിൽ വഴി സഞ്ചരിച്ച് റാലി ഉദിനൂർ സെൻട്രലിൽ അവസാനിച്ചു.
സമാപന ചടങ്ങിൽ എസ്.പി.സി. അംഗങ്ങൾ ദീപം തെളിയിച്ച് ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ പ്രകാശൻ ചന്തേര പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. പി.ടി.എ പ്രസിഡന്റ് കിഴക്കൂൽ രമേശൻ അധ്യക്ഷത വഹിച്ചു. ജെ.എച്ച്.ഐമാരായ പി.വി. സജീവൻ, ടി.കെ. വിജയൻ, ജനമൈത്രീ പൊലീസ് ഓഫീസർമാരായ കെ.പി. പ്രദീപൻ, സുരേഷ് കാനം, കെ.വി. കൃഷ്ണൻ, പി.പി. അശോകൻ, കെ.പി. സുരേന്ദ്രൻ, കെ.വി. സുരേഷ്, ടി.വി. ജയശ്രീ എന്നിവർ സംസാരിച്ചു.