നീലേശ്വരം: സൗഹൃദവും സാഹോദര്യവും നിലനിൽക്കുന്ന മാനവികതയുടെ മാതൃകാ സ്ഥാപനമാണ് കഴകങ്ങളെന്ന് പ്രഭാഷകൻ ഡോ. വത്സൻ പിലിക്കോട് പറഞ്ഞു. തട്ടാച്ചേരി വടയന്തൂർ കഴകം പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് നടത്തിയ സൗഹൃദ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉത്തര കേരളത്തിൽ വിവിധ ജനവിഭാഗങ്ങൾക്കിടയിൽ നിലനിന്നു വരുന്ന പാരസ്പര്യത്തിന്റെ ആധാരമായി പ്രവർത്തിക്കുന്നവയാണ് കഴകങ്ങളും പെരുങ്കളിയാട്ടങ്ങളും. ലോകത്തിന് മാതൃകയായ സാംസ്‌കാരിക സ്ഥാപനങ്ങളാണവ. മതത്തിന്റെ പേരിൽ മനുഷ്യർ അകറ്റി നിർത്തപ്പെടുന്ന ഇന്ത്യൻ വർത്തമാനത്തിൽ പെരുങ്കളിയാട്ടം അതിന്റെ മാനവിക സന്ദേശം കൊണ്ട് വെളിച്ചം പ്രസരിപ്പിക്കുന്നുവെന്ന് വത്സൻ കൂട്ടിചേർത്തു.
ഡോ. എൻ.പി. വിജയൻ അദ്ധ്യക്ഷത വഹിച്ചു. ശിവഗിരി മഠത്തിലെ സ്വാമി പ്രേമാനന്ദ, പേരോൽ ജുമാ മസ്ജിദ് ഖത്താബ് അബ്ദുൽ റഹീദ് ഫൈസി, സെന്റ് പീറ്റേഴ്‌സ് ദേവാലയം ഫാദർ മാത്യു കുഴിമലയിൽ എന്നിവർ സംസാരിച്ചു. ജയൻ നീലേശ്വരം സ്വാഗതവും സി.എം. രാജു നന്ദിയും പറഞ്ഞു. തുടർന്ന് സി.ഡി.എസ് അംഗങ്ങൾ അവതരിപ്പിച്ച നാടൻ പാട്ടും തീവണ്ടിയാത്ര ഗായക സംഘം പാട്ടുകൂട്ടം ഗാനമേളയും അവതരിപ്പിച്ചു.
തട്ടാച്ചേരി വടയന്തൂർ കഴകം പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് നടത്തിയ സൗഹൃദ സമ്മേളനം പ്രഭാഷകൻ ഡോ. വത്സൻ പിലിക്കോട് ഉദ്ഘാടനം ചെയ്യുന്നു