മാഹി: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.പി.ബഷീർ ഹാജിയുടെ നിര്യാണത്തിൽ അനുശോചിക്കാൻ നാടിന്റെ നാനാഭാഗത്തു നിന്ന് അന്ത്യഞ്ജലിയർപ്പിക്കാൻ നിരവധി പേർ വസതിയിലെത്തി. ഇന്നലെ വൈകുന്നേരത്തോടെ മാഹി പൂഴിത്തലയിൽ നിന്ന് മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭൗതീക ശരീരം വഹിച്ചുകൊണ്ടുള്ള വാഹനം വിലാപയാത്രയായിട്ടാണ് അദ്ദേഹത്തിന്റെ ചെമ്പ്രയിലെ വസതിയിലെത്തിയത്. പാറാൽ മദ്രസയിൽ പൊതുദർശനത്തിന് വെച്ച ശേഷം പാറാൽ പള്ളിയിലായിരുന്നു ഖബറടക്കം.
പരേതാത്മാവിനോടുള്ള ആദരസൂചകമായി ഇന്നലെ വൈകുന്നേരം 4 മണി മുതൽ 7 മണി വരെ മാഹിയിൽ ഹർത്താലാചരിച്ചു.
തുടർന്ന് നടന്ന അനുശോചനത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രമേശ് പറമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. ഡോ.വി.രാമചന്ദ്രൻ എം.എൽ.എ, ഫാ.ജേറോം ചിങ്ങന്തറ, വടക്കൻ ജനാർദ്ദനൻ, ടി.ഇബ്രാഹിം കുട്ടി,അഡ്വ.എം.ഡി.തോമസ്, ഇഷാം ഹസ്സൻ, കെ.വിനോദ് കുമാർ, മണി മാസ്റ്റർ, കെ.സുരേഷ്
എന്നിവർ പ്രസംഗിച്ചു.