കണ്ണൂർ: ഗവർണറുടെ കാലുപിടിച്ച് സർക്കാറിന്റെ നയപ്രഖ്യാപന പ്രസംഗം നടത്തേണ്ട ഗതികേട് മുഖ്യമന്ത്രിക്ക് ഉണ്ടാകാൻ പാടില്ലായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൗരത്വ നിയമ ഭേദഗതിക്കെതിരെ യുഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തിയ മനുഷ്യഭൂപടത്തിന്റെ ഭാഗമായി കണ്ണൂർ സ്റ്റേഡിയം കോർണറിൽ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗവർണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ ആവശ്യത്തോട് യോജിച്ച് നിൽക്കുന്നതിന് പകരം സഭയെയും അംഗങ്ങളെയും അവഹേളിച്ച ഗവർണർക്ക് കത്ത് നൽകി നയപ്രഖ്യാപന പ്രസംഗത്തിന്റെ 18ാം ഖണ്ഡിക വായിപ്പിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. ഗവർണറെ തിരിച്ചു വിളിക്കണമെന്ന പ്രമേയത്തെ ഗവണ്മെന്റ് പിന്തുണക്കണം. അല്ലെങ്കിൽ ഗവർണർ മാപ്പ് പറയണം. ഗവർണറുമായി വ്യക്തിപരമായി അഭിപ്രായവ്യത്യാസം ഇല്ല. കേരളത്തിന്റെ ഗവർണർ ആർ. എസ് എസിന്റെ ശബ്ദമാണ്. ഗവർണറെ തിരിച്ചു വിളിക്കണമെന്ന പ്രമേയത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
കെ പി സി സി പ്രസിഡന്റ മുല്ലപ്പള്ളി രാമചന്ദ്രൻ, മാണിയൂർ അഹമ്മദ് മുസ്ല്യാർ, എൻ അബ്ദുൽ ലത്തീഫ് സഅ്ദി, എം വിൻസന്റ് എംഎൽഎ, കെ സി ജോസഫ് എം എൽഎ, അഡ്വ. സണ്ണിജോസഫ് എം എൽഎ, കെപിസിസി ജനറൽ സെക്രട്ടറിമാരായ കെ സുരേന്ദ്രൻ, സജീവ് മാറോളി, ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി, യുഡിഎഫ് ജില്ലാ ചെയർമാൻ പ്രൊഫ. എ ഡി മുസ്തഫ, വി കെ അബ്ദുൾ ഖാദർ മൗലവി, സി എ അജീർ, ഇല്ലിക്കൽ അഗസ്തി, അഷ്‌റഫ് പുറവൂർ, ജോയി കൊന്നക്കൽ,പിടി ജോസ്, ജോർജ്ജ് വടകര, സുരേഷ് ബാബു എളയാവൂർ തുടങ്ങിയവർ സംസാരിച്ചു.
ഫാസിസത്തിനെതിരായ പോരാട്ടം
തകർത്തത് സി. പി. എം: മുല്ലപ്പള്ളി
കണ്ണൂർ: ദേശീയ തലത്തിൽ ഫാസിസത്തിനെതിരെ യോജിച്ച പോരാട്ടത്തിന് കോൺഗ്രസ് മുന്നിട്ടിറങ്ങിയപ്പോൾ അതിനെ തകർത്തത് കേരളത്തിലെ സിപി. എമ്മാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കണ്ണൂർ സ്റ്റേഡിയം കോർണറിൽ നടന്ന പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു മുല്ലപ്പള്ളി. സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിയും സിപിഐ അഖിലേന്ത്യാ സെക്രട്ടറിയും കോൺഗ്രസ് വിളിച്ചു ചേർത്ത പൊതുപരിപാടിയിൽ പങ്കെടുത്ത് തിരിച്ച് പോയതിന് ശേഷം മൂന്നാം നാളിലാണ് യെച്ചൂരി നിലപാട് മാറ്റിയത്. കേന്ദ്രകമ്മിറ്റിയെയും പോളിറ്റ് ബ്യൂറോയെയും നിലയ്ക്ക് നിറുത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്റേയും കേരളത്തിലെ സി പിഎം നേതാക്കളുടെയും നിലപാടാണ് പ്രതിപക്ഷ ഐക്യത്തിന് തടയായതെന്നും മുല്ലപ്പള്ളി പറഞ്ഞു,
യുഡിഎഫ് ജില്ലാ ചെയർമാൻ പ്രൊഫ. എ ഡി മുസ്തഫ അദ്ധ്യക്ഷത വഹിച്ചു.