കാസർകോട്: കോളേജ് വിദ്യാർത്ഥിനിയെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കാസർകോട് നഗരപരിധിയിലെ വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന കണ്ണൂർ സ്വദേശിനിയായ 16 കാരിയെയാണ് കാണാതായത്. കാസർകോട്ടെ ഒരു സ്വകാര്യ കോളേജിൽ പ്ലസ് വൺ വിദ്യാർത്ഥിനിയായ പെൺകുട്ടി കഴിഞ്ഞ ദിവസം രാവിലെ പതിവുപോലെ കോളേജിൽ പോകാൻ വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചുവന്നില്ല. തുടർന്ന് സഹോദരിയാണ് കാസർകോട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കൊല്ലം സ്വദേശിയായ യുവാവിനൊപ്പം പെൺകുട്ടി പോയതാണെന്ന് സംശയിക്കുന്നതായി പരാതിയിൽ പറയുന്നു.
നിർത്തിയിട്ട കാറിൽ നിന്ന്
പണമടങ്ങിയ ബാഗ് കവർന്നു
കാസർകോട്: നിർത്തിയിട്ട കാറിൽ നിന്ന് പണമടങ്ങിയ ബാഗ് കവർച്ച ചെയ്തു. പള്ളത്തടുക്ക കോരിക്കാറയിലെ ഉദയ കേശവ ഭട്ടിന്റെ കാറിൽ നിന്നാണ് 11,000 രൂപയും രണ്ട് ബാങ്ക് പാസുബുക്കുകളും ചെക്ക് ബുക്കും അടങ്ങിയ ബാഗ് മോഷണം പോയത്. ഉദയ കേശവ ഭട്ട് ബദിയടുക്ക മുകളിലെ ബസാറിലുള്ള പഞ്ചായത്ത് ഓഫീസിന് സമീപത്ത് കാർ നിർത്തിയിട്ട ശേഷം അടുത്തുള്ള കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ പോയതായിരുന്നു. തിരിച്ചുവന്നപ്പോഴാണ് കാറിൽ നിന്നും ബാഗ് മോഷണം പോയതായി കണ്ടെത്തിയത്. ഉദയ കേശവ ഭട്ടിന്റെ പരാതിയിൽ ബദിയടുക്ക പൊലീസ് കേസെടുത്തു.
28 കുപ്പി കർണ്ണാടക മദ്യവുമായി പിടിയിൽ
കാസർകോട്: 180 മില്ലി ലിറ്ററിന്റെ 28 കുപ്പി കർണ്ണാടക മദ്യവുമായി വിൽപ്പനക്കാരൻ എക്‌സൈസ് പിടിയിലായി. മുള്ളേരിയ ബേങ്ങത്തടുക്കയിലെ ആനന്ദിനെ (48) യാണ് ബദിയടുക്ക എക്‌സൈസ് റെയ്ഞ്ച് പ്രിവന്റീവ് ഓഫീസർ പ്രമോദ് കുമാർ, പി.കെ.വി സുരേഷ് എന്നിവർ ചേർന്ന് മുള്ളേരിയ ടൗണിൽ നിന്ന് പിടികൂടിയത്.