കോഴിക്കോട്: പത്തിരട്ടിയലധികം വർദ്ധിപ്പിച്ച മത്സ്യ ബന്ധന ബോട്ടുകളുടെ ലൈസൻസ് ഫീ പകുതിയായി കുറച്ചിട്ടുണ്ടെന്ന് ഫിഷറീസ് മന്ത്രി. എന്നാൽ അങ്ങനെയൊരു ഉത്തരവ് തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് ഫിഷറീസ് ഉദ്യോഗസ്ഥർ. ഇതിനിടയിൽപ്പെട്ട് പീഡനം അനുഭവിക്കേണ്ടി വരുന്നതാകട്ടെ മത്സ്യ ബന്ധന ബോട്ട് ഉടമകളും.
കഴിഞ്ഞ വർഷം അവസാനമാണ് മത്സ്യബന്ധന ബോട്ടുകളുടെ ലൈസൻസ് ഫീ വൻ തോതിൽ വർദ്ധിപ്പിച്ചത്. 25 മീറ്ററിലധികം നീളമുള്ള മത്സ്യബന്ധന ബോട്ടുകളുടെ വാർഷിക ലൈസൻസ് ഫീ 5000 രൂപയിൽ നിന്ന് ഒറ്റയടിക്ക് 52,000 രൂപയായി വർദ്ധിപ്പിക്കുകയായിരുന്നു. ഇതിനെതിരെ ബോട്ട് ഉടമകളുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രതിഷേധം ശക്തമായതോടെ ഫിഷറീസ് മന്ത്രി ചർച്ചയ്ക്ക് തയ്യാറാവുകയായിരുന്നു.
മത്സ്യബന്ധന മേഖലയിലെ എല്ലാ സംഘടനാ പ്രതിനിധികളും പങ്കെടുത്ത ചർച്ചയിൽ 52,000 രൂപയിൽ നിന്ന് 25,000 രൂപയായി കുറക്കാൻ മന്ത്രി സമ്മതിച്ചു.ഇത് തീരുമാനമായി പ്രഖ്യാപിക്കുകയും ചെയ്തു.എന്നാൽ പ്രഖ്യാപനം വന്നിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും ഇപ്പോഴും പഴയ നിരക്കിൽ തന്നെയാണ് ലൈസൻസ് ഫീ ഈടാക്കുന്നത്.തങ്ങൾക്ക് ഇത് സംബന്ധിച്ച ഉത്തരവൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
മന്ത്രിയുടെ പ്രഖ്യാപനം വിശ്വസിച്ച് 25,000 രൂപയായി ഫീ അടക്കാൻ എത്തുന്നവർ ഫീ അടക്കാനാവാതെ മടങ്ങുകയാണ്.ഫീസ് വർദ്ധിപ്പിക്കുന്നതിന് മുമ്പ് തന്നെ കേരളത്തിലായിരുന്നു ഏറ്റവും കൂടുതൽ ലൈസൻസ് ഫീ
മറ്റ് സംസ്ഥാനങ്ങളിൽ ഇപ്പോഴും ഈടാക്കുന്ന ലൈസൻസ് ഫീ
തമിഴ്‌നാട് - 3000
കർണ്ണാടക - 3000
ഗോവ - 1000
മഹാരാഷ്‌ട്ര - 500
മത്സ്യബന്ധന മേഖലയെ തകർക്കുന്ന സംസ്ഥാന സർക്കാറിന്റെ നയത്തിനെതിരെ പ്രധാനമന്ത്രിയെ കണ്ട് ചർച്ച നടത്തിയിട്ടുണ്ടെന്ന് ഓൾ കേരള ഫിഷിംഗ് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോസഫ് സേവ്യർ കളപുരക്കൽ പറഞ്ഞു. മത്സ്യ ബന്ധന ബോട്ടുകളുടെ രജിസ്ട്രേഷനും ലൈസൻസ് ഫീ ഈടാക്കാനുള്ള അധികാരവും കേന്ദ്ര സർക്കാറിൽ നിക്ഷിപ്തമാക്കണമെന്നാണ് അസോസിയേഷന്റെ ആവശ്യം. ഇക്കാര്യം പരിശോധിക്കാമെന്ന ഉറപ്പും ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.