കൽപ്പറ്റ: ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ്, ശുചിത്വമിഷൻ, കേരള സ്ക്രാപ്പ് മാർച്ച് അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സ്കൂളുകളിൽ നടപ്പിലാക്കുന്ന പെൻ ബൂത്ത് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ നിർവഹിച്ചു. ആദ്യഘട്ടത്തിൽ 70 സ്കൂളുകളിൽ സ്ക്രാപ് മർച്ചന്റ്സ് പ്രാദേശിക ഘടകത്തിന്റെ സഹായത്തോടെ നൽകുന്ന ബോക്സിൽ ഉപയോഗശൂന്യമായ പേനകൾ ശേഖരിക്കുകയും ബോക്സ് നിറയുന്ന മുറയ്ക്ക് പുനചംക്രമണത്തിന് കൈമാറുകയും ചെയ്യും. പ്ലാസ്റ്റിക്ക് പേനയുടെ ഉപയോഗം കുറയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ എ.ദേവകി അദ്ധ്യക്ഷയായ ചടങ്ങിൽ കൽപ്പറ്റ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ജഗദീഷ് ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ കെ രാജൻ പദ്ധതി വിശദീകരിച്ചു. ശുചിത്വ മിഷൻ അസിസ്റ്റൻറ് കോഡിനേറ്റർ എ കെ രാജേഷ് ശുചിത്വ സന്ദേശം നൽകി. ഡിവിഷൻ കൗൺസിലർ അജി ബഷീർ, സ്ക്രാപ്പ് മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം സി ബാവ എന്നിവർ സംസാരിച്ചു. പ്രധാനാദ്ധ്യാപകൻ അനിൽകുമാർ സ്വാഗതവും, പി ടി എ പ്രസിഡന്റ് പി.സി നൗഷാദ് നന്ദിയും പറഞ്ഞു. ഫോട്ടോ: പെൻ ബൂത്ത് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കൽപ്പറ്റ എസ് കെ എം ജെ ഹൈസ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ നിർവഹിക്കുന്നു