കൽപ്പറ്റ: ആർദ്രം പീപ്പിൾ കാംപെയിന്റെ ഭാഗമായി ക്രിസ്മസ്, പുതുവത്സര വിപണിയിൽ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ ജില്ലയിൽ 159 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത 36 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും 21 സ്ഥാപനങ്ങളിൽ നിന്ന് 43,000 രൂപ പിഴ ഈടാക്കുകയും ചെയ്തു.
ബേക്കറികൾ, ഹോട്ടലുകൾ, മറ്റ് വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. വിവിധ സ്ഥാപനങ്ങളിൽ നിന്ന് 8 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും, 8 സർവ്വയിലൻസ് സാമ്പിളുകളും ശേഖരിച്ചു. പരിശോധനാഫലം വരുന്നമുറയ്ക്ക് തുടർ നടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ പി.ജെ വർഗ്ഗീസ് അറിയിച്ചു.
കാംപെയിന്റെ ഭാഗമായി പൊതുജനങ്ങൾക്കും വ്യാപാരികൾക്കുമായി വിവിധ ഭക്ഷ്യ സുരക്ഷാ ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിച്ചു. ഫുഡ് സേഫ്റ്റി ഓഫീസർമാരായ എം.കെ.രേഷ്മ, നിഷ പി. മാത്യൂ, സോമിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.