മാനന്തവാടി: കെട്ടിട നിർമ്മാണത്തിലെ അപാകതയെ തുടർന്ന് പി.ടി.എ. കമ്മിറ്റി നൽകിയ പരാതിയിൽ തടഞ്ഞുവെച്ച ഫണ്ട് പി.ടി.എ. യുടെ വ്യാജ സീലും ഒപ്പും ഇട്ട് തട്ടാൻ ശ്രമം. തലപ്പുഴ ഗവ: യു.പി.സ്‌കൂളിന് 2013 14 വർഷത്തിൽ ബി.ആർ.ജി.എഫ് പദ്ധതിയിൽ അനുവദിച്ച12 ലക്ഷം രൂപയാണ് വ്യാജ സീലും ഒപ്പും ഉപയോഗിച്ച് മാറാൻ ശ്രമിച്ചത്.
2019 ജൂൺ ആറിന് പി.ടി.എ.കമ്മിറ്റി നൽകിയ പരാതിയിൽ അസിസ്റ്റന്റ് എൻജിനീയറുടെ സാന്നിദ്ധ്യത്തിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ പരാതിയിൽ സൂചിപ്പിച്ച കാര്യങ്ങൾ പരിഹരിച്ചിട്ടുണ്ടെന്നും കരാറുകാരന് ഫണ്ട് അനുവദിക്കാമെന്നും കാണിച്ച് വ്യാജ കത്ത് നൽകിയാണ് പണംമാറാൻ ശ്രമം നടന്നത്.
കത്തിൽ പി.ടി.എ.പ്രസിഡന്റിന്റെ ഒപ്പും സീലും വ്യാജമായി ഉണ്ടാക്കിയതാണെന്ന് അന്വേഷണത്തിൽ തെളിയുകയും ചെയ്തു. സംഭവം പുറത്തായതോടെ മുൻ പി.ടി.എ. പ്രസിഡന്റ് സക്കീർ ഹുസൈനും സ്‌കൂൾ ഹെഡ്മാസ്റ്ററും ഇത് സംബന്ധിച്ച് തലപ്പുഴ പൊലീസിൽ പരാതി നൽകുകയായിരുന്നു.
എന്നാൽ കത്ത് മുൻ പി.ടി.എ. പ്രസിഡന്റ് നൽകിയതാണെന്നാണ് കരാറുകാരൻ പറയുന്നത്. ഇത് മുൻ പി.ടി.എ. പ്രസിഡന്റ് നിഷേധിച്ചു.
സാധാരണ സ്കൂളിന്റെ ലെറ്റർപാഡിലാണ് ഇത്തരം കത്തുകൾ എഴുതാറുള്ളതെന്നും എന്നാൽ ഇവിടെ നൽകിയ കത്ത് വെള്ള കടലാസിൽ ടൈപ്പ് ചെയ്തതാണെന്നും അതുകൊണ്ട് തന്നെ കത്ത് വ്യാജമാണെന്നും പരാതിയിൽ പറയുന്നു.